വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: എസ് ഡിപിഐ
എസ് ഡിപിഐ പ്രതിനിധി സംഘം ദുരന്തഭൂമി സന്ദര്‍ശിച്ചു
മേപ്പാടി: അനേകം ആളുകള്‍ക്ക് ജീവഹാനിയും നിരവധി പേരെ കാണാതാവുകയും നിരവധി വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുകയും ചെയ്ത വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സംഘം. സംസ്ഥാനത്ത് ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. 200 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നു. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. നിരവധിയാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരു പ്രദേശം തന്നെ ഒലിച്ചുപോയിരിക്കുന്നു. ദുരന്തമേഖലയുടെ അതിജീവനത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും ആത്മാര്‍ഥമായ ഇടപെടല്‍ ആവശ്യമാണ്. കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കണം. പ്രകൃതി വിരുദ്ധ വികസനം കേരളത്തിന് ഭീഷണിയാവുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്ക് പറ്റിയവര്‍ക്കും മതിയായ ധനസഹായം നല്‍കണമെന്നും നിലമ്പൂരിലുള്ള മൃതദേഹങ്ങള്‍ മേപ്പാടിയിലെത്തിച്ച് തിരിച്ചറിയുന്നതിനും നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കുന്നതിനും സത്വര നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ടി നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദുരന്തഭൂമി സന്ദര്‍ശിച്ചത്. വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ്, ജനറല്‍ സെക്രട്ടറി ഹംസ, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവരും പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു.