ശശി തരൂര്‍ കുറ്റവിമുക്തന്‍; സുനന്ദ കേസില്‍ നിര്‍ണായക വിധി

Update: 2021-08-18 06:07 GMT

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്.

ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു. കേസില്‍ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പോലിസ് ആവശ്യം.

സുനന്ദ പുഷ്‌കറിന്റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമാണ് ശശി തരൂരിന്റെ വാദം. ഇത് അംഗീകരിച്ച കോടതി തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് വിധിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 12 മുറിവുകളുണ്ടെന്നും ഇവയില്‍ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

മരണത്തിന് പിന്നാലെ ശശി തരൂരും സുനന്ദയുടെ മകന്‍ ശിവ് മേനോനുമുള്‍പ്പെടെ എട്ടുപേരില്‍ നിന്നു ഡല്‍ഹി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് പരിശോധിച്ചു. 2014 ജനുവരി 23ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 2014 മാര്‍ച്ച് 3ന് സുനന്ദ മരിക്കുമ്പോള്‍ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നും അമിതമായ മരുന്ന് ഉപയോഗമാകാം മരണകാരണമെന്നുമുള്ള ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു.

Tags:    

Similar News