ശശി തരൂര്‍ എന്‍എസ്എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: മന്നം ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി എന്‍എസ്എസ് ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണിതെന്ന് തരൂര്‍ പറഞ്ഞു. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണെന്നും തരൂര്‍ പ്രതികരിച്ചു. രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ തരൂര്‍ മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയടക്കം രൂക്ഷമായി വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തരൂരിനെ മന്നം ജയന്തിയിലേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയ പ്രാധാന്യവുമുണ്ടെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി എന്‍എസ്എസ് നേതൃത്വം നേരത്തെ നോട്ടിസ് ഇറക്കിയിരുന്നു. 10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനുശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍എസ്എസ് ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ഏറെക്കാലമായി അകല്‍ച്ചയിലാണ്. രണ്ടുമാസം മുമ്പ് സതീശനെതിരേ സുകുമാരന്‍ നായര്‍ കടുത്ത ഭാഷയില്‍ പരസ്യവിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍നായരെ ചൊടിപ്പിച്ചത്.
ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു. ആദ്യമായി തിരുവനന്തപുരത്ത് മല്‍സരിക്കാനെത്തിയപ്പോള്‍ ഡല്‍ഹി നായരെന്നാണ് ശശി തരൂരിനെ സുകുമാരന്‍നായര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം അതേ ശശി തരൂരിനെയാണ് മന്നം ജയന്തി സമ്മേളനത്തിലേക്ക് സുകുമാരന്‍ നായര്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.