Exclusive: ഷാൻ കൊലക്കേസ്: കൊലയാളികൾക്ക് രക്ഷപ്പെടാൻ പോലിസ് രഹസ്യം ചോർത്തി
വിവരങ്ങൾ കൈമാറിയത് ആർഎസ്എസ് നേതാക്കൾ വഴി. പ്രതികൾ ഒളിവിൽ കഴിഞ്ഞ മണ്ഡലത്തിലാണ് ബിജെപിയുടെ രണ്ട് സംസ്ഥാന നേതാക്കളുടെ വീടെന്നതും ശ്രദ്ധേയമാണ്.
അഭിലാഷ് പി
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് രക്ഷപ്പെടാൻ പോലിസ് രഹസ്യങ്ങൾ ചോർത്തി നൽകിയതായി റിപോർട്ട്. പോലിസിൻ്റെ നീക്കങ്ങൾ അതാത് സമയം ആർഎസ്എസ് നേതാക്കൾക്ക് ചോർത്തി നൽകിയെന്നാണ് റിപോർട്ട്. പോലിസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച റിപോർട്ടുകൾ ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം. ഇതോടെ പോലിസിനകത്തെ സംഘപരിവാർ സ്വാധീനം ഒന്നുകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഡിസംബർ 18 ന് മണ്ണഞ്ചേരിയിൽ വച്ചാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ ആർഎസ്എസുകാർ ആസൂത്രിതമായി പിന്നിൽ നിന്ന് ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. എന്നാൽ സംഭവം നടന്ന് ആറ് ദിവസമായിട്ടും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളിൽ പലരെയും അറസ്റ്റ് ചെയ്യാൻ പോലിസിന് കഴിയാത്തത്ത് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് പ്രതികൾക്ക് പോലിസ് നീക്കങ്ങളുടെ വിവരം ചോർത്തി നൽകുന്നുവെന്ന റിപോർട്ട് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച റിപോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് രഹസ്യാന്വേണ വിഭാഗം കൈമാറിയെന്നാണ് വിവരം.
ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്(49), മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരാണ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയതെന്ന് കണ്ടെത്തിയാണ് പോലിസ് ഇവരെ അറസ്റ്റു ചെയ്തത്. സുരേഷിന്റെ കള്ളായിയിലെ ബന്ധു വീട്ടിലാണ് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ.
പ്രതികളായ ആർഎസ്എസ് പ്രവർത്തകർ സുരേഷിന്റെ കള്ളായിയിലെ ബന്ധു വീട്ടിലുണ്ടെന്നറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പോലിസ് വരന്തരപ്പിള്ളി സ്റ്റേഷനിൽ നിന്ന് എത്തുമ്പോഴേക്ക് പോലിസ് വരുന്ന വിവരമറിഞ്ഞ് മൂന്ന് പേർ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഒളിവിൽ കഴിഞ്ഞ മണ്ഡലത്തിലാണ് ബിജെപിയുടെ രണ്ട് സംസ്ഥാന നേതാക്കളുടെ വീടെന്നതും ശ്രദ്ധേയമാണ്.
ആർഎസ്എസ്-ബിജെപി കേന്ദ്രങ്ങൾക്ക് പോലിസിന്റെ നീക്കങ്ങൾ നേരത്തെ അറിയുവാൻ കഴിയുന്നുവെന്ന സ്ഥിതി ഗൗരവതരമാണ്. പോലിസിൽ ആർഎസ്എസിൻ്റെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തനം പരസ്യമാക്കാൻ തീരുമാനിച്ചതായി സിപിഎം നിയന്ത്രണത്തിലുള്ള ചാനൽ നേരത്തേ റിപോർട്ട് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കുക വഴി സർക്കാരിനെ വരുതിയിലാക്കുകയാണ് ആർ എസ് എസ് ലക്ഷ്യമിടുന്നത്. സംഘ പരിവാര നേതാക്കൾ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോഴും കേസെടുക്കാത്തത് പോലിസിലെ ഇത്തരക്കാരുടെ സ്വാധീനം മൂലമാണെന്ന ആരോപണം ശരിവയ്ക്കുകയാണ്.