വെടിവയ്പ്: അമിത് ഷാ നുണ പറയുകയാണ്; മാപ്പു പറയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ പടുകൂറ്റന്‍ റാലി

Update: 2021-12-11 14:04 GMT

കൊഹിമ: നാഗാലാന്‍ഡില്‍ പ്രദേശവാസികളെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തില്‍ അമിത് ഷാ പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്നാരോപിച്ച് മോണില്‍ പടുകൂറ്റന്‍ പ്രതിഷേധ പ്രകടനം. സൈന്യത്തിന്റെ ക്രൂരതയ്‌ക്കെതിരേ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പാര്‍ലമെന്റില്‍ നുണ പറഞ്ഞതിന് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. 

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി 14 പേരെയാണ് നാഗാലാന്‍ഡിലെ 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് വെടിവച്ചുകൊന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ പ്രദേശവാസിയെ സൈന്യം ആള് മാറി വെടിവച്ചുകൊന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് സംസ്‌കരിച്ചത്. മരിച്ച 14ല്‍ 12 പേര്‍ മോന്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലുള്ളവരാണ്. 


 പ്രതിഷേധക്കാര്‍ പ്രതിഷേധ സൂചകമായി ആഭ്യന്തര മന്ത്രി അമിത്ഷായുടെ കോലം കത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോന്‍യാക് യൂനിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രസ്താവന പാര്‍ലമെന്ററി റെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.


 'ഞങ്ങള്‍ നീതിയാണ് ആവശ്യപ്പെടുന്നത്, സഹതാപമല്ല, സത്യം വളച്ചൊടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് ഉടന്‍ പിന്‍വലിക്കണം. അമിത് ഷാ മാപ്പുപറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു'- യുനിയന്‍ വൈസ് പ്രസിഡന്റ് ഹോനാങ് കൊന്യാക് പറഞ്ഞു.

കൊല്ലപ്പെട്ട 14 കൊന്യാക് യുവാക്കള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുള്ള അഞ്ച് ആവശ്യങ്ങള്‍ക്കൊപ്പം ഇതും ചേര്‍ക്കുമെന്ന് സംഘടന അറിയിച്ചു. 

Tags:    

Similar News