ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടിസയച്ചു. ജാമ്യഹരജിയില്‍ സപ്തംബര്‍ അഞ്ചിനകം പ്രതികരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതി യുപി സര്‍ക്കാരിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ സപ്തംബര്‍ 9ന് വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അന്നേദിവസമായിരിക്കും ഇനി കേസ് വീണ്ടും പരിഗണിക്കുക. മലയാളി മാധ്യപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ കാപ്പന്‍, ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുമ്പോള്‍ 2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ വച്ച് മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് അറസ്റ്റിലായത്.
കാപ്പനും കൂട്ടുപ്രതികളും ഹാഥ്‌റസിലേക്ക് യാത്ര ചെയ്തത് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എല്ലാവര്‍ക്കുമെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 295 എ (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നിവ പ്രകാരം സെക്ഷന്‍ 17, 18 എന്നിവ ചുമത്തിയിട്ടുണ്ട്. മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 65, 72, 75 വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കാപ്പനും കൂട്ടുപ്രതികളും നിയമവും മറ്റ് സാഹചര്യങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ച് മഥുര കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷന്‍ പഹലും സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി തള്ളി. ഇതോടെയാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള തത്ത്വങ്ങള്‍ ഹൈക്കോടതി പാടേ അവഗണിച്ചെന്നും യാതൊരു ന്യായമായ കാരണങ്ങളുമില്ലാതെ യാന്ത്രികമായി ജാമ്യാപേക്ഷ തള്ളിയെന്നും കാപ്പന്‍ ഹരജിയില്‍ പറയുന്നു.
പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിന് റെക്കോഡിലുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനുള്ള ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. കുറ്റപത്രം പ്രകാരം യുഎപിഎയുടെ സെക്ഷന്‍ 17, സെക്ഷന്‍ 18 എന്നിവ ചുമത്തുന്നത് നിലനില്‍ക്കുന്നില്ല വസ്തുത ഹൈക്കോടതി പരിശോധിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. അടുത്തിടെ, സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്ക് പോയ കാര്‍ഓടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് ആലമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.