സിദ്ദീഖ് കാപ്പനെ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോയെന്നു സംശയം
എന്നെയോ അഭിഭാഷകനെയോ അറിയിക്കാതെ അവര്‍ സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തെ മഥുര ജയിലിലേക്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്. ജയില്‍ സൂപ്രണ്ടുമായി സംസാരിച്ചശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും റൈഹാനത്ത് പറഞ്ഞു.
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുടുംബത്തെയും അഭിഭാഷകനെയും അറിയിക്കാതെ രഹസ്യമായി ഉത്തര്‍പ്രദേശിലെ മഥുര ജയിലിലേക്ക് കൊണ്ടുപോയതായി സംശയിക്കുന്നതായി ഭാര്യ റൈഹാനത്ത് ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ യുപി സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കൊവിഡ് -19 പോസിറ്റീവായ സിദ്ദീഖ് കാപ്പനെ ഏപ്രില്‍ 30ന് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പനെ കാണാന്‍ ഭാര്യ റൈഹാനത്തും മൂത്ത മകനും കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു. മറ്റു രണ്ട് മക്കളെയും 90 വയസ്സുള്ള രോഗിയായ മാതാവിനെയും നാട്ടിലാക്കിയാണ് ഇരുവരും മെയ് ഒന്നിന് ഉച്ചയ്ക്ക് 1.15 ഓടെ ഡല്‍ഹിയിലെത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങളുടെ സഹായത്തോടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും മെയ് 2 ന് വൈകീട്ട് നാലോടെ റൈഹാനത്തും മൂത്ത മകനും എയിംസ് ആശുപത്രിയില്‍ പോവുകയും ചെയ്‌തെങ്കിലും ഇവരെ ഡല്‍ഹി പോലിസ് തടഞ്ഞിരുന്നു.
''ഞങ്ങള്‍ വാര്‍ഡിന് മുന്നിലെത്തി, വാര്‍ഡിന് കാവല്‍ നില്‍ക്കുന്ന പോലിസുകാരന്‍ ഞങ്ങളെ തടഞ്ഞു. എന്റെ ഭര്‍ത്താവിനെ കാണാന്‍ കേരളത്തില്‍ നിന്ന് വളരെ ദൂരെ നിന്നാണ് വന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സിദ്ദിഖുമായി സംസാരിച്ച ശേഷം മടങ്ങുമെന്നും പറഞ്ഞു'' പോലിസ് റൈഹനാത്തിന്റെയും മകന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോയെടുത്ത് വാര്‍ഡിനുള്ളിലേക്ക് പോയി. ചികില്‍സയില്‍ കഴിയുന്ന തടവുകാര്‍ക്ക് ജയിലിനു പുറത്തുള്ള ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാന്‍ കഴിയില്ലെന്നാണ് ജയില്‍ നിയമമെന്നു പറഞ്ഞ് തടയുകയായിരുന്നു. വൈകീട്ട് 6 വരെ ആശുപത്രിയില്‍ കാത്തുനിന്ന റൈഹാനത്ത് പിന്നീട് പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങി.
ഇതിനുശേഷം ആശുപത്രിയില്‍ സിദ്ദീഖ്കാപ്പനെ കാണാന്‍ റൈഹാനത്ത് പല ശ്രമങ്ങളും നടത്തി. കെയുഡബ്ല്യുജെ അംഗങ്ങള്‍ എയിംസ് ഡയറക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും യുപി പോലിസിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് മെയ് 4 ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മഥുര ജയില്‍ സൂപ്രണ്ടിന് അടിയന്തര അപേക്ഷ നല്‍കി. എയിംസ് ആശുപത്രി ഡയറക്ടര്‍ക്കും കാവല്‍ നില്‍ക്കുന്ന പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും സന്ദര്‍ശക സമയത്ത് ഭാര്യ റൈഹാനത്തിനെയും മകനെയും കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കാപ്പന്റെ വൈദ്യചികില്‍സയുടെ പുരോഗതിയെക്കുറിച്ച് കുടുംബാംഗങ്ങളെയും അദ്ദേഹത്തെ അറിയിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍, ജയിലിനു പുറത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന തടവുകാരനുമായി അഭിഭാഷകനോ തടവുകാരനോ ഭാര്യയോ ബന്ധുക്കളോ സന്ദര്‍ശിക്കാന്‍ അനുവദിക്കാന്‍ ജയില്‍ സൂപ്രണ്ടിനെ അധികാരപ്പെടുത്തുന്ന യാതൊരു വ്യവസ്ഥയും ജയില്‍ ജയില്‍ മാനുവലില്‍ ഇല്ലെന്നായിരുന്നു സൂപ്രണ്ട് മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്ന്, സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മഥുര ജയിലിലെ ജയില്‍ സൂപ്രണ്ടിനും എയിംസ് ഡയറക്ടര്‍ക്കും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. മെയ് 5 മുതല്‍ ഞങ്ങള്‍ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് റൈഹാനത്ത് മക്തൂബിനോട് പറഞ്ഞു. മെയ് 6 ന് രാത്രി 10.30 ഓടെയാണ് ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്തതായി റൈഹാനത്ത് അറിഞ്ഞത്.
എന്നെയോ അഭിഭാഷകനെയോ അറിയിക്കാതെ അവര്‍ സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തെ മഥുര ജയിലിലേക്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്. ജയില്‍ സൂപ്രണ്ടുമായി സംസാരിച്ചശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും റൈഹാനത്ത് ഫോണിലൂടെ മക്തൂബിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഞാന്‍ ആശങ്കാകുലനാണ്. അദ്ദേഹത്തിന് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖം, രക്തസമ്മര്‍ദ്ദം, ശാരീരിക പരിക്കുകള്‍ എന്നിവയുണ്ട്. മഥുര ആശുപത്രിയില്‍ അദ്ദേഹത്തെ എങ്ങനെ ചികില്‍സിച്ചെന്ന് നമുക്കെല്ലാം അറിയാമെന്നും റൈഹാനത്ത് ആശങ്കയോടെ പറഞ്ഞു.
മഥുരയിലെ കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിദ്ദീഖ് കാപ്പന്‍ നേരിട്ട മനുഷ്യത്വരഹിതമായ ചികില്‍സ വന്‍ വിവാദമായിരുന്നു. കൊവിഡ് -19 രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 21 നാണ് കാപ്പന്‍ മഥുരയിലെ കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 20 ന് മഥുര സെന്‍ട്രല്‍ ജയിലില്‍ വീണ് പരിക്കേറ്റു. ഏപ്രില്‍ 24 ന് സിദ്ദീഖ് കാപ്പന്‍ റൈഹാനത്തിനെ ഫോണില്‍ വിളിച്ചപ്പോഴാണ് ആശുപത്രിയിലെ കട്ടിലില്‍ ചങ്ങലയ്ക്കിട്ടതായും ശുചിമുറിയില്‍ പോലും പോവാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞത്. ഇതേത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരളത്തിലെ 11 യുഡിഎഫ് എംഎല്‍മാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും കത്തെഴുതിയിരുന്നു.
യുപിയിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണയുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വാര്‍ത്താശേഖരണാര്‍ഥം പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്.
Siddique Kappan discharged from AIIMS in a secretive manner, taken back to UP