സിദ്ദീഖ് കാപ്പന്റെ കേസ് വീണ്ടും മാറ്റിവച്ചു: 14ന് പരിഗണിക്കും
സിദ്ദീഖ് കാപ്പന്റെ അന്യായമായ ജയില്‍വാസം രണ്ടു മാസം പിന്നിട്ട സാഹചര്യത്തിലും അദ്ദേഹത്തിന്റെ മോചനം സാധ്യമാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സുപ്രിം കോടതി തയ്യാറായിട്ടില്ല.
ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് വാര്‍ത്ത ശേഖരിക്കാന്‍ പോകുമ്പോള്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അന്യായമായി അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഭാരവാഹിയുമായ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രിം കോടതി മാറ്റിവച്ചു. ഇനി 14നാണ് പരിഗണിക്കുക. ഡിസംബര്‍ 2ന് സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ കെയുഡബ്ല്യുജെ നല്‍കിയ സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് അന്ന് കേസ് 11ലേക്ക് നീട്ടിവെച്ചത്. സിദ്ദീഖ് കാപ്പന്റെ അന്യായമായ ജയില്‍വാസം രണ്ടു മാസം പിന്നിട്ട സാഹചര്യത്തിലും അദ്ദേഹത്തിന്റെ മോചനം സാധ്യമാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സുപ്രിം കോടതി തയ്യാറായിട്ടില്ല.
സിദ്ദീഖ് കാപ്പന് ജാമ്യം തേടി ആദ്യം സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ അലഹബാദ് ഹൈക്കോടതിയില്‍ പോകാനാണ് ആദ്യം ആവശ്യപ്പെട്ടത്. അലഹബാദ് ഹൈക്കോടതിയുടെ നിഷേധാത്മക സമീപനത്തെ തുടര്‍ന്ന് ഒരു മാസത്തിനു ശേഷം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ പല പ്രാവശ്യങ്ങളിലായി കേസ് നീട്ടിവെക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി കേസ് പരിഗണിക്കുമെന്നു പ്രതീക്ഷിച്ച ഡിസംബര്‍ 2ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് നീട്ടിവെക്കുകയായിരുന്നു.