സിദ്ദിഖ് കാപ്പന്‍ കേസിലെ കുറ്റപത്രം വിചിത്രമായ ആരോപണങ്ങള്‍ നിറഞ്ഞത്: ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍

പോപുലര്‍ ഫ്രണ്ടിന്റെ തിങ്ക് ടാങ്കായി സിദ്ദീഖ് കാപ്പന്‍ പ്രവര്‍ത്തിക്കുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഈ' ആരോപണങ്ങള്‍ 'അചിന്തനീയവും അസഹനീയവും വളരെ സാങ്കല്‍പ്പികവുമാണെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പരിഹസിച്ചു.

Update: 2021-10-05 12:45 GMT

മുംബൈ: സിദ്ദിഖ് കാപ്പന്‍ കേസിലെ കുറ്റപത്രം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് യുഎപിഎ ആന്റ് അദര്‍ റെപ്രസ്സീവ് ലോസ് (MURAL) ചെയര്‍മാന്‍ ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍. കേസില്‍ യുപി എസ്ടിഎഫ് തയ്യാറാക്കിയ 5,000 പേജുള്ള കുറ്റപത്രം വിചിത്രമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


ഡല്‍ഹി ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആശങ്കകള്‍ ശരിവയ്ക്കുന്നതാണ് കുറ്റപത്രം. പൗര സ്വാതന്ത്ര്യ സംഘടനകള്‍ പ്രകടിപ്പിച്ചതും പരമോന്നത കോടതി പിന്തുണയ്ക്കുന്നതുമായ ആശങ്കകളാണ് അത്. ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് റിപോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് സിദ്ദീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. കര്‍ശനമായ യുഎപിഎ പ്രകാരം കാപ്പനെതിരെ കേസെടുത്തു, കൂടാതെ രാജ്യദ്രോഹക്കുറ്റവും ചുമത്തി (വകുപ്പ് ഐപിസിയുടെ 124 എ). അശാന്തിയും കലാപവും ഉണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളതെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.


രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള സുപ്രീം കോടതിയുടെ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിയമത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ സൂചിപ്പിച്ചു.


കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. അതേസമയം കോടതിയിലെത്തുമ്പോള്‍ ഇത്തരം കേസുകള്‍ പരാജയപ്പെടുന്നു. കേസുകളിലെ ശിക്ഷാ നിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 2019 ല്‍ യുഎപിഎ കേസുകള്‍ വര്‍ധിച്ചു. എന്നാല്‍ രാജ്യദ്രോഹ കേസുകളില്‍ 3% മാത്രമാണ് കോടതി അംഗീകരിച്ചത്.


പോപുലര്‍ ഫ്രണ്ടിന്റെ തിങ്ക് ടാങ്കായി സിദ്ദീഖ് കാപ്പന്‍ പ്രവര്‍ത്തിക്കുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഈ' ആരോപണങ്ങള്‍ 'അചിന്തനീയവും അസഹനീയവും വളരെ സാങ്കല്‍പ്പികവുമാണെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പരിഹസിച്ചു. കുറ്റകൃത്യത്തെ സംബന്ധിച്ച് യുപി എസ്ടിഎഫ് പുതിയ നിര്‍വചനം ചമച്ചെടുക്കുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് രാജ്യദ്രോഹം ചുമത്താവുന്ന കുറ്റകൃത്യമായിട്ടാണ് മാറിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തുകയും വിയോജിപ്പുകളെ അവ്യക്തമായ വാക്കുകളില്‍ നിയമം വ്യാഖ്യാനിച്ച് കുറ്റകരമാക്കുകയും ചെയ്യുന്നുവെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.




Tags:    

Similar News