ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി വിവാദമാവുന്നു

Update: 2022-05-19 05:50 GMT

പി സി അബ്ദുല്ല

കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിക്ക് പകരം പോലിസിന്റെ ഉപദേശം. 'കാസ' എന്ന ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനക്കെതിരെ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ പരാതിയിലാണ് പോലിസിന്റെ വിചിത്ര നടപടി. ഈ മാസം 12നാണ് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ജനറല്‍ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര കാസ നടത്തുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ കരമന പോലിസില്‍ പരാതി നല്‍കിയത്. നടപടി ഉണ്ടാവാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാസ ഫേസ്ബുക്ക് പേജ് അഡ്മിന്‍ കെവിന്‍ പീറ്ററെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തിട്ടുണ്ടെന്ന് കരമന പോലിസ് ശ്രീജയെ അറിയിച്ചത്.

പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനും മേലില്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു. താക്കീത് നല്‍കാനല്ല സര്‍ ആ ഫേസ്ബുക്ക് പേജിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണ, ക്രിമിനല്‍ കുറ്റകൃത്യത്തിനെതിരേ നടപടിയാണ് ആവശ്യമെന്ന് ശ്രീജ അറിയിച്ചപ്പോള്‍ കരമന പോലിസിന് കൃത്യമായ മറുപടിയില്ല. താക്കീതില്‍ ഒതുങ്ങുന്ന കുറ്റമല്ല കാസയുടേതെന്നും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്താല്‍ തീരുന്നതല്ല പരാതിയെന്നും ശ്രീജ പോലിസിനെ അറിയിച്ചു. കാസക്കെതിരായ പരാതിയില്‍ നിയമോപദേശം തേടിക്കൊണ്ടിരിക്കുന്നു എന്നാണ് പിന്നീട് കരമന സിഐ ശ്രീജയെ അറിയിച്ചത്. പ്രതിയെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്യാന്‍ കുടുംബവഴക്കോ അതിര്‍ത്തി തര്‍ക്കമോ അല്ലെന്ന് ശ്രീജ പറഞ്ഞു.

പരാതി നല്‍കിയ ശ്രീജയ്‌ക്കെതിരേ കാസയുടെ ഫേസ്ബുക്ക് പേജിലൂടെ സൈബര്‍ ആക്രമണം നടക്കുകയാണ്. ഇതിനിടയിലാണ് കാസയോടുള്ള പോലിസിന്റെ മൃദുസമീപനം. കരമന പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതിനാല്‍ ഡിജിപിയെ നേരില്‍കണ്ട് പരാതി നല്‍കാനാണ് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ തീരുമാനം.

അവിടെയും നീതി ലഭിക്കുന്നില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്ന് ശ്രീജാ നെയ്യാറ്റിന്‍കര അറിയിച്ചു. കാസയുടെ ഫേസ്ബുക്ക് പേജ് അഡ്മിന്‍ കെവിന്‍ പീറ്ററെ താക്കീത് ചെയ്തതായി പോലിസ് പറയുമ്പോഴും കാസയുടെ വിവിധ ജില്ലാ ഫേസ് ബുക്ക് പേജുകളില്‍ കടുത്ത മുസ്‌ലിം വിദ്വേഷപ്രചാരണങ്ങളാണ് തുടരുന്നത്.

Tags:    

Similar News