
പൂനെ: തന്റെ അപ്പാര്‍ട്ട്‌മെന്റ് ഫ്‌ലാറ്റില്‍ 350 പൂച്ചകളെ വളര്‍ത്തി സ്ത്രീ. ഹഡപ്സറിലെ മാര്‍വല്‍ ബൗണ്ടി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. അയല്‍ക്കാരുടെ പരാതിയില്‍ പോലിസ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചു.
റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ താമസിക്കുന്ന ഇവര്‍ അഞ്ച് വര്‍ഷത്തിലേറെയായി ധാരാളം പൂച്ചകളെ വളര്‍ത്തുന്നുണ്ട്. തന്റെ വളര്‍ത്തു പൂച്ചകളെ പരിപാലിക്കാന്‍ അഞ്ചോ ആറോ തൊഴിലാളികളെയും ഇവര്‍ നിയമിച്ചിരുന്നു.
കാഷ്ഠത്തിന്റെയും രോമത്തിന്റെയും ഗന്ധവും പൂച്ചകളുടെ തുടര്‍ച്ചയായ മുരളലും മൂലം അയല്‍വാസികള്‍ ഇവരേട് പരാതി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് അയല്‍വാസികളുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. മാര്‍വല്‍ ബൗണ്ടി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാര്‍ ഫ്‌ളാറ്റിന്റെ ഉടമകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ പോലിസില്‍ പരാതി നല്‍കിയത്.
സ്ത്രീക്കെതിരെ നടപടിയെടുക്കാന്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഹഡപ്സര്‍ പോലിസിനെയും മൃഗക്ഷേമ ബോര്‍ഡിനെയും സമീപിച്ചതായാണ് റിപോര്‍ട്ട്. സൊസൈറ്റിയിലെ താമസക്കാരുടെ പരാതികള്‍ കണക്കിലെടുത്ത്, പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മൃഗക്ഷേമ ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നോട്ടിസ് നല്‍കി. 48 മണിക്കൂറിനുള്ളില്‍ മൃഗങ്ങളെ സൊസൈറ്റിയില്‍ നിന്ന് മാറ്റണമെന്നാണ് ഉത്തരവ്.