സോളാര്‍ കേസ്: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് നേതാക്കള്‍

Update: 2023-09-11 10:28 GMT

തിരുവനന്തപുരം: സോളാര്‍ ലൈംഗികാരോപണക്കേസില്‍ ഗൂഢാലോചന നടന്നെന്ന സിബി ഐ റിപോര്‍ട്ടിനെ ചൊല്ലി നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു. നേരത്തേ, വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരികയും സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഭ നിര്‍ത്തിവച്ച് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച തുടങ്ങിയത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. ഉമ്മന്‍ചാണ്ടി ക്ഷമിച്ചാലും ഈ ക്രൂരതയ്ക്ക് പൊതുസമൂഹം മാപ്പ് തരില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളാര്‍ കേസില്‍ നിന്നാണ്. ഇങ്ങനൊയൊക്കെ ഉള്ള ആരോപണം കേള്‍ക്കേണ്ട ആളായിരുന്നോ ഉമ്മന്‍ ചാണ്ടി. ഇതൊരു ക്രിമിനല്‍ ഗൂഡാലോചനയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് തന്നെ സരിതയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചന. ഇതിന് പിന്നില്‍ നിന്ന് കളിച്ചവരെ പുറത്തുകൊണ്ടുവരണം. സിബിഐ വിളിച്ചുവരുത്താനുള്ള വ്യഗ്രത സര്‍ക്കാരിന് എന്തിനായിരുന്നുവെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ദല്ലാള്‍ നന്ദകുമാര്‍ എങ്ങനെയാണ് പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാമത്തെ അവതാരമാണ് ദല്ലാള്‍ നന്ദകുമാര്‍. അവതാരങ്ങള്‍ക്ക് റോളില്ലെന്ന് പറഞ്ഞാണ് ഭരണം തുടങ്ങിയത്. അധികാരമേറ്റ് മൂന്നാം ദിവസം ഒന്നാം നമ്പര്‍ അവതാരം ഓഫിസില്‍ എത്തിയെന്നും ഷാഫി തുറന്നടിച്ചു. സര്‍ക്കാരിനെ താഴെയിറക്കാനും ജനപ്രതിനിധിയെ അപമാനിക്കാനും നേതാവിനെ ഇല്ലായ്മചെയ്യാനും നടന്ന ക്രിമിനല്‍ ഗൂഢാലോചനായാണ്. രാഷ്ട്രീയമായി സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം. നിലനില്‍ക്കാത്ത അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിച്ചത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം. 32 തവണ ഒരു കേസ് മാറ്റിവയ്ക്കാനുള്ള തന്ത്രവും ബന്ധവും ഞങ്ങള്‍ക്കില്ല. അതുകൊണ്ട് സിബിഐ റിപോര്‍ട്ട് ഞങ്ങള്‍ മാനിപ്പുലേറ്റ് ചെയ്തതല്ല. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ട മുഖമാണുള്ളത്. പി സി ജോര്‍ജ് രാഷ്ട്രീയ മാലിന്യമാണെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.

    അതേസമയം, സോളാര്‍ കേസിന്റെ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഈ രക്തത്തില്‍ നിങ്ങള്‍ക്കാണ് പങ്ക്. ഗ്രൂപ്പിസത്തെ തുടര്‍ന്ന് ആളുകളെ രാഷ്ട്രീയ ഉന്മൂലനം ചെയ്യാന്‍ വേണ്ടി, മരിച്ചാല്‍ പോലും നിങ്ങള്‍ അവരെ വെറുതെ വിടില്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ ഈ ചര്‍ച്ചയെന്നും ജലീല്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേരുകള്‍ ചികഞ്ഞാല്‍ നാം എത്തുക കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ്. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തെറിപ്പിക്കാനാണ് ഐഎസ്ആര്‍ഒ ചാരക്കേസ് കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയെടുത്തത്. അതിനുശേഷം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയെടുത്ത മറ്റൊരു പ്രമാദമായ വിവാദമാണ് സോളാര്‍ കേസ്. അതിന്റെ ശില്‍പ്പികളും പിതാക്കന്മാരും ഇടതുപക്ഷ നേതാക്കളാണോ?. സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് എന്തു പങ്കാണ് ഉള്ളത്?. രക്തപങ്കിലമായ കരങ്ങള്‍ മുഴുവന്‍ അപ്പുറത്തല്ലേ?. ഒരാളെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയത്തില്‍നിന്നു നിഷ്‌കാസിതമാക്കുന്ന രീതിയോട് ഒരിക്കലും യോജിക്കാത്തവരാണ് ഇടതുപക്ഷം. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നയാളാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും ജലീല്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന സിബിഐ റിപ്പോര്‍ട്ടില്‍, എവിടെയെങ്കിലും കേസില്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തത്തെ കുറിച്ച്, ഗൂഢാലോചനയെക്കുറിച്ച് ഒരു വാക്കെങ്കിലും പറയുന്നുണ്ടോ?. ഉണ്ടെങ്കില്‍ ആ വാചകങ്ങള്‍ ഒന്ന് ഉദ്ധരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News