ഉമ്മന്‍ചാണ്ടിയെ വളഞ്ഞ വഴിയിലൂടെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല; വീട്ടിലിരിക്കേണ്ടിവന്നാലും യുഡിഎഫിലേക്ക് പോവില്ലെന്നും ഗണേഷ്‌കുമാര്‍

Update: 2023-09-11 10:51 GMT

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് അനാവശ്യമായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സോളാര്‍ ലൈംഗികാരോപണക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വ്യക്തിപരമായ വിരോധമില്ല. വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യവുമില്ല. മുഖത്ത് നോക്കി പറയുകയും മുഖത്ത് നോക്കി ചെയ്യുകയും ചെയ്യും. കപടസദാചാരത്തില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. സത്യമാണ് എന്റെ ദൈവം. സിബിഐ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ഹൈബി ഈഡനെകുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

    ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അങ്ങനെ പറയുമോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. എല്‍ഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിനൊപ്പം വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടിവന്നാലും അഴിമതിക്കെതിരേ സംസാരിച്ചതിന് എന്നെ പുറത്താക്കിയ യുഡിഎഫിലേക്ക് പോവില്ല. എല്ലാ കാലവും ഭരണപക്ഷത്തിരിക്കാന്‍ ആഗ്രഹമില്ല. ജനങ്ങള്‍ എനിക്കൊപ്പമുണ്ട്. സോളാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സഹായം അഭ്യര്‍ഥിച്ച് എന്റെ പിതാവിനെ കോണ്‍ഗ്രസിന്റെ പല നേതാക്കളും സമീപിച്ചിട്ടുണ്ട്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് കത്ത് വായിച്ച എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് സിബിഐയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. 2013ല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫില്‍ പോയപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാര്‍. എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. രാഷ്ട്രീയമായി എനിക്കെതിരാണ്. ഈ ദിവസംവരെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ, നേരിട്ടോ അല്ലാതെയോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് തെളിയിക്കാന്‍ ഏത് സിബിഐയെയും വെല്ലുവിളിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സാറിന്റെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മരിച്ചുപോയ അദ്ദേഹത്തിന്റെ ആത്മാവിന് ഈ അന്വേഷണത്തിലൂടെ ഒരു ശുദ്ധിനല്‍കാന്‍ കഴിഞ്ഞല്ലോ. പ്രമേയത്തിലേക്ക് എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News