ശ്രീ നാരായണ ഗുരു സര്‍വകലാശാല: ഡോ. ഹുസൈന്‍ മടവൂര്‍ അറബി ഭാഷാ തലവനായത് റൗസത്തുല്‍ ഉലൂമിന്റെ പേര് ദുരുപയോഗം ചെയ്ത്; വിവാദം മുറുകുന്നു
ഏഴു വര്‍ഷം മുമ്പ് വിരമിച്ച ഡോ. ഹുസൈന്‍ മടവൂര്‍, ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്താണ് ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അഫ്‌സലുല്‍ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയിലേക്ക് കയറിക്കൂടിയതെന്നാണ് ആരോപണം.
കോഴിക്കോട്: ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നിലവില്‍വന്നതിനു പിന്നാലെ അറബി ഭാഷാ വിഭാഗം അക്കാദമിക കമ്മിറ്റി തലവനെ ചൊല്ലി വിവാദം. അറബി ഭാഷാ വിഭാഗം ഡിസിപ്ലിനറി ചെയര്‍മാനായി ഡോ. ഹുസൈന്‍ മടവൂര്‍ നിയമിക്കപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്.
ഏഴു വര്‍ഷം മുമ്പ് വിരമിച്ച ഡോ. ഹുസൈന്‍ മടവൂര്‍, ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്താണ് ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അഫ്‌സലുല്‍ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയിലേക്ക് കയറിക്കൂടിയതെന്നാണ് ആരോപണം.
നിര്‍ദ്ദിഷ്ട ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ രൂപീകരിച്ച അഫ്‌സലുല്‍ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയില്‍ മുഴുവന്‍ അറബിക് കോളേജുകളിലെയും അധ്യാപകരെ പരിഗണിച്ചിരുന്നു. എന്നാല്‍,
സംസ്ഥാനത്തെ പ്രഥമവും പ്രശസ്തവുമായ ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ആരെയും ഇതിലേക്ക് പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ കോളജിന്റെ പേര് ദുരുപയോഗം ചെയ്ത് അനധികൃതമായി കയറിപറ്റുകയായിരുന്നുവെന്ന് കണ്ടെത്തിയതായും ഇതുമൂലം നാക് അക്രഡിറ്റേഷനും മറ്റും ലഭിക്കേണ്ട പോയന്റുകള്‍ നഷ്ടമാവുമെന്ന് ഭയപ്പെടുന്നതായും ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളജ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നടപടിയെന്നും കോളജ് വൃത്തങ്ങള്‍ അറിയിച്ചു.
ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍, ഹുസൈന്‍ മടവൂര്‍ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേരിലേണ് അക്കാദമിക കമ്മിറ്റിയില്‍ വന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. അബ്ദുര്‍റഹിമാന്‍ ചെറുകര തേജസ് ന്യൂസിനോട് പ്രതികരിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായിരുന്ന നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വി സി മുബാറക് പാഷ റൗസത്തുല്‍ ഉലൂം അറബിക് കോളജിനെ തഴഞ്ഞതില്‍ ദുഖമുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഡോ. ഹുസൈന്‍ മടവൂരിനെ കൂടാതെ, ഡോ. വി അബ്ദുള്‍ അസീസിനെ ചെയര്‍മാനായും, മുഹമ്മദ് അശ്‌റഫ് കളത്തില്‍, ഡോ. പി മുജീബ്, ഡോ. പി റംലത്ത്, ഡോ. പി സയ്യിദ് മുഹമ്മദ് ശാക്കിര്‍, ഡോ. എ ഐ അബ്ദുള്‍ മജീദ്, ഡോ. സി എം സാബിര്‍ നവാസ്, ഡോ. ഐ പി അബ്ദുള്‍ സലാം, ഡോ. പി മുഹമ്മദ് അസ്‌ലം, എന്‍ കെ അബ്ദുല്‍ നാസിര്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും നിയമിച്ച് സര്‍വകലാശാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതിനിടെ, ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബി ഭാഷാ വിഭാഗം തലവനായി തന്നെ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നലെ ലഭിച്ചതായി ഡോ. ഹുസൈന്‍ മടവൂര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.