സര്‍ക്കാര്‍ മുട്ടുമടക്കി; ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി

Update: 2022-08-01 16:19 GMT

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കലക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈക്കോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം കൃഷ്ണ തേജയെ ആലപ്പുഴ കലക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമസ്തയും കേരള പത്രപ്രവര്‍ത്തക യൂനിയനും അടക്കമുള്ള സംഘടനകള്‍ തെരുവില്‍ പ്രതിഷേധവുമായി അണിനിരന്നു. യുഡിഎഫും പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോഴും ശ്രീറാമിനെ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, സര്‍ക്കാരിനെതിരേ ഓരോ ദിവസം കഴിയുന്തോറും പ്രതിഷേധം കടുത്തതോടെയാണ് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Tags:    

Similar News