കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ നാളെ കോടതിയില്‍ ഹാജരാവണം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ നാളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാവണം. തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സമയം തേടിയതിനെ തുടര്‍ന്ന് നാളെ വരെയാണ് ശ്രീറാമിന് കോടതി സമയം അനുവദിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് കേസ് പരിഗണിച്ചപ്പോഴാണ് വ്യാഴാഴ്ച ഹാജരായി വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാന്‍ സമയം നീട്ടിച്ചോദിച്ചത്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് കേസ് പരിഗണിക്കുക.
കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹരജി ശ്രീറാമിന് സുപ്രിം കോടതിയില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടായതിനു പിന്നാലെ വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തുകയായിരുന്നു. 2023 ആഗസ്റ്റ് 25ന് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്റെ വാദം ഹൈക്കോടതിക്കു പുറമെ സുപ്രിംകോടതിയും തള്ളിയിരുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ തുടക്കം മുതല്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു.