സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2022-12-11 09:52 GMT

ഷിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശിന്റെ 15ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സുഖുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമാചല്‍ പ്രദേശിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സുഖു ചുമതലയേറ്റതിന് പിന്നാലെ, മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗല്‍, പ്രതിഭാ സിങ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വേദിയില്‍ സ്ഥാപിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ചിത്രത്തിന് മുമ്പില്‍ ആദരമര്‍പ്പിച്ച ശേഷമാണ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറഞ്ഞ പ്രതിഭാ സിങ്ങിന് രാഹുല്‍ ഗാന്ധി അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഇത് കോണ്‍ഗ്രസിനും ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കും പുതിയ തുടക്കമാണ്. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരായ രാഹുല്‍ ഗാന്ധിയുടെ യാത്ര ഹിമാചലില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ സീറ്റുകളില്‍ 40 സീറ്റുകള്‍ നേടിയാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ഇത് ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പാര്‍ട്ടി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ സുഖ്‌വീന്ദര്‍ സുഖുവിന് കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുഖ്‌വിന്ദര്‍ സിങ് സുഖു നാലുതവണ എംഎല്‍എയും കോണ്‍ഗ്രസിന്റെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാനുമായിട്ടുണ്ട്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 58 കാരനായ സുഖ്‌വിന്ദറിനെ എംഎല്‍എമാരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News