'പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോ?';എന്‍ഐഎക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

യുഎപിഎ കേസില്‍ ജാമ്യത്തിനെതിരായ എന്‍ഐഎയുടെ അപ്പീല്‍ പരിഗണിക്കവേ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

Update: 2022-07-14 09:16 GMT
ന്യൂഡല്‍ഹി:പത്രം വായിക്കുന്നവര്‍ പോലും പ്രശ്‌നക്കാരാണ് എന്ന വിധത്തിലാണ് എന്‍ഐഎയുടെ പോക്കെന്ന് സുപ്രിംകോടതി. യുഎപിഎ കേസില്‍ ജാമ്യത്തിനെതിരായ എന്‍ഐഎയുടെ അപ്പീല്‍ പരിഗണിക്കവേ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

യുഎപിഎ കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍ഐഎ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.

മാവോവാദി അനുകൂല സംഘടനയായ ത്രിതീയ പ്രസ്തുതി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സഞ്ജയ് ജയിന്‍ പണം പിരിച്ചെന്നായിരുന്നു എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞത്.സുപ്രിംകോടതി രൂക്ഷ വിമര്‍ശനത്തോടെ ഹരജി തള്ളി. വര്‍ത്തമാന പത്രം വായിക്കുന്നതു പോലും പ്രശ്‌നമെന്ന നിലയിലാണ് എന്‍ഐഎയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആധുനിക് പവര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് എന്ന കമ്പനിയുടെ ജനറല്‍ മാനേജരായ സഞ്ജയ് ജയിനെ 2018ല്‍ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.2021ല്‍ ജെയിനിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍,സുപ്രിം കോടതി ജാര്‍ഖണ്ഡ് ഹൈകോടതയുടെ വിധി ശരിവയ്ക്കുകയും എന്‍ഐഎക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.


Tags:    

Similar News