നാലുവര്‍ഷമായി വിചാരണത്തടവില്‍; യുഎപിഎ കേസ് പ്രതിക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ഛത്തീസ്ഗഡില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് എന്‍ ഐഎ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട മുകേഷ് സലാം എന്നയാള്‍ക്കാണ് ജാമ്യം നല്‍കിയത്.

Update: 2024-09-02 09:19 GMT

ന്യൂഡല്‍ഹി: നാലുവര്‍ഷത്തിലേറെയായി വിചാരണത്തടവില്‍ കഴിയുന്ന യുഎപിഎ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ഛത്തീസ്ഗഡില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് എന്‍ ഐഎ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട മുകേഷ് സലാം എന്നയാള്‍ക്കാണ് ജാമ്യം നല്‍കിയത്. 2020 മെയ് ആറു മുതല്‍ വിചാരണ തടവിലാണെന്ന കാര്യം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി. കേസില്‍ 14 കൂട്ടുപ്രതികളില്‍ 12 പേര്‍ക്കും ജാമ്യം അനുവദിച്ചതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

    1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 10, 13, 17, 38(1)(2), 40, 22എ, 22സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. ഇതിനുപുറമെ 2005ലെ ഛത്തീസ്ഗഢ് വിശേഷ് ജന്‍ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 8(2)(3)(5); കൂടാതെ ഐപിസി 120 ബി, 201 & 149/34 വകുപ്പുകളും ചുമത്തിയിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കുറ്റാരോപിതന്‍ സുപ്രിം കോടതിയെ സമീപിച്ചത്.

    മുകേഷ് സലാം നക്‌സലൈറ്റ് കമാന്‍ഡര്‍ രാജു സലാമിന്റെ പിതൃസഹോദരനാണെന്നും അദ്ദേഹവുമായി നിരന്തര ബന്ധപ്പെടാറുണ്ടെന്നും സാധനസാമഗ്രികള്‍ എത്തിച്ചുനല്‍കിയെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍, പ്രോസിക്യൂഷന്റെ 100 സാക്ഷികളില്‍ 40 സാക്ഷികളെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 'മേല്‍പ്പറഞ്ഞ സാഹചര്യങ്ങളും ആരോപണവിധേയമായ കേസിന്റെ സ്വഭാവവും കണക്കിലെടുത്ത്, ഹരജിക്കാരനെ തുടര്‍ച്ചയായി തടങ്കലില്‍ വയ്ക്കുന്നത് നീതിയുടെ അവസാനത്തെ കീഴ്‌പ്പെടുത്തലല്ലെന്ന് ഞങ്ങള്‍ കരുതുന്നു. വിചാരണ നേരത്തേ അവസാനിപ്പിക്കാനുള്ള സാധ്യതയില്ല. ഹര്‍ജിക്കാരന്‍ 2020 മെയ് ആറു മുതല്‍ കസ്റ്റഡിയിലാണ്. 2020ലെ എഫ്‌ഐആര്‍ നമ്പര്‍ ഒമ്പതുയി ബന്ധപ്പെട്ട് എന്‍ഐഎ പ്രത്യേക ജഡ്ജിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ഹരജിക്കാരനെ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയും നിര്‍ദേശിക്കുകയും ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു.

Tags:    

Similar News