ന്യൂഡല്‍ഹി: 'മീഡിയാ വണ്‍' ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രിംകോടതി നീക്കി. നാലാഴ്ചക്കകം ലൈസന്‍സ് കേന്ദ്രം പുതുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മീഡിയാ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞി സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാവില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ലെന്നു പറഞ്ഞ് 2022 ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്. 2022 നവംബര്‍ മൂന്നിനാണ് വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി സുപ്രിംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്. ചാനലിനെതിരേ കേന്ദ്ര സര്‍ക്കാറിന്റെ മുദ്രവച്ച കവറിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ബെഞ്ച് അന്നുതന്നെ നിരീക്ഷിച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അതേസമയം, അപ്‌ലിങ്കിങ് പുതുക്കാന്‍ സുരക്ഷ അനുമതി വേണ്ടെന്ന് ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു.