മീഡിയവണ്‍ സംപ്രേഷണ വിലക്ക്: വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

ഹരജിയില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഇന്ന് കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഇനിയും കേന്ദ്രത്തിന് സമയം നീട്ടിനല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സമയം ഇനിയും നീട്ടി നല്‍കരുതെന്ന മീഡിയവണ്‍ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയിരുന്നു.

Update: 2022-05-04 09:15 GMT

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹരജിയില്‍ വേനലവധിക്ക് ശേഷം ആഗസ്റ്റ് ആദ്യവാരം സുപ്രിംകോടതി അന്തിമവാദം കേള്‍ക്കും. ഹരജിയില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഇന്ന് കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഇനിയും കേന്ദ്രത്തിന് സമയം നീട്ടിനല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സമയം ഇനിയും നീട്ടി നല്‍കരുതെന്ന മീഡിയവണ്‍ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയിരുന്നു.

സംപ്രേഷണ വിലക്കിനെതിരേ മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂനിയനുമാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

സംപ്രേഷണം വിലക്കിയതിനെതിരേ മൂന്നാഴ്ചക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും നാലാഴ്ചകൂടി സമയം അനുവദിച്ചിരിക്കുകയാണ്.

മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയവണ്ണിനായി ഹാജരാകുന്നത്. സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് മീഡിയവണ്‍ ചാനല്‍ സംപ്രേഷണം പുന:രാരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.

Tags:    

Similar News