ശിവസേന തര്‍ക്കം: ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി

Update: 2023-02-22 14:26 GMT

ന്യൂഡല്‍ഹി: ശിവസേന അധികാര തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരിച്ചടി. ശിവസേന എന്ന ഔദ്യോഗിക പേരും 'അമ്പും വില്ലും' ചിഹ്‌നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി റദ്ദാക്കണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. പാര്‍ട്ടി പേരും ചിഹ്‌നവും സംബന്ധിച്ച ഉത്തരവിന്‍മേല്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താനാവില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു.

എന്നാല്‍, വിഷയത്തിന്‍മേല്‍ താക്കറെ വിഭാഗം നല്‍കിയ ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹരജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. ഉദ്ധവിന്റെ ഹരജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ഷിന്‍ഡേ വിഭാഗത്തിനുമാണ് സുപ്രിംകോടതി നോട്ടിസ് അയച്ചത്. ഉദ്ധവ് പക്ഷത്തെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കടക്കില്ലെന്ന് ഷിന്‍ഡെ പക്ഷം വാക്കാല്‍ കോടതിയില്‍ ഉറപ്പുനല്‍കി. ചിഹ്നത്തിന്റെ കാര്യത്തില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ ആവശ്യം നിരസിച്ചത്.

പാര്‍ട്ടിയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഷിന്‍ഡെ വിഭാഗം സ്വന്തമാക്കാതിരിക്കാന്‍ നടപടി വേണമെന്ന താക്കറെ വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. അതിനിടെയാണ് സ്വത്തുക്കളും പാര്‍ട്ടി ഓഫിസും ഏറ്റെടുക്കില്ലെന്നും വിപ്പ് പുറപ്പെടുവിക്കുന്ന നടപടികള്‍ നിലവില്‍ നടത്തില്ലെന്നും ഷിന്‍ഡെ വിഭാഗം കോടതിക്ക് ഉറപ്പുനല്‍കിയത്. കൂറുമാറി ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്ന എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന താക്കറെ വിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി.

എന്നാല്‍, നോട്ടീസ് കൊണ്ട് പ്രശനം തീരില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായ അഡ്വ.കപില്‍ സിബല്‍ അറിയിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സറ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കൃത്യമായ നടപടികള്‍ സ്വീകരിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ഉദ്ധവിനായി കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

ജനപ്രതിനിധികളുടെ എണ്ണം നോക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത് തെറ്റാണെന്ന് ഉദ്ധവ് പക്ഷം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ഹരജി നിലനില്‍ക്കില്ലെന്ന് ഷിന്‍ഡെ പക്ഷവും വാദിച്ചു. ഉദ്ധവിന്റെ ഹരജിയില്‍ മറുപടി നല്‍കാന്‍ 2 ആഴ്ചയാണ് ഷിന്‍ഡെ വിഭാഗത്തിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്.

Tags:    

Similar News