മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് സുരേഷ് ഗോപി; പ്രതിഷേധവുമായി കെയുഡബ്ല്യുജെ

Update: 2024-08-27 11:30 GMT

തൃശൂര്‍: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ സിനിമാതാരങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ രാമനിലയത്തിലാണ് മാധ്യമങ്ങളോട് തട്ടിക്കയറുകയും തള്ളി മാറ്റുകയും ചെയ്തത്. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് വാഹനത്തില്‍ കയറുകയായിരുന്നു. രാവിലെയും ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നു പറഞ്ഞ് സമാനരീതിയില്‍ ക്ഷുഭിതനായിരുന്നു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

    അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) പ്രതിഷേധിച്ചു. പ്രതികരണം തേടാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയി പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ ഏറ്റവും ചര്‍ച്ചാവിഷയമായ ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പ്രതികരണം തേടാനാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല സിനിമാ നടന്‍ എന്ന നിലയിലും പ്രതികരണം നല്‍കാന്‍ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന വിശ്വാസത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ ആദ്യതവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനാണ് ശ്രമിച്ചത്.

    ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളില്‍ പ്രതികരണം ആരാഞ്ഞു റിപോര്‍ട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഉണ്ട്. ഇതിനെതിരേ ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയില്‍ നിന്നുണ്ടായതെന്നും കെയുഡബ്ല്യുജെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News