ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതല ഉന്നതകുല ജാതര്‍ക്ക് നല്‍കണം, എന്നാലെ ഉന്നതിയുണ്ടാകൂ: സുരേഷ് ഗോപി

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതല വഹിക്കുന്നത് ഉന്നത കുലജാതനായിരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കിയാല്‍ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഉന്നതകുല ജാതര്‍ എത്തിയാലേ ഈ വിഭാഗം നേരെയാകൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് തനിക്ക് വേണമെന്ന ആഗ്രഹം പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറഞ്ഞു. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയില്‍ ഗോത്രവിഭാഗക്കാരും വരണമെന്നും ഒരു ട്രൈബല്‍ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. ഇതോടെ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരേ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ആദിവാസി വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവനയാണെന്ന് ആദിവാസി നേതാവ് സി കെ ജാനു പറഞ്ഞു.