മല്‍സര ഓട്ടം തടയാന്‍ 'ഓപറേഷന്‍ റേസ്'; ജൂലൈ അഞ്ചുവരെ മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന
കോട്ടയം: വാഹനങ്ങളുടെ മല്‍സര ഓട്ടം തടയാന്‍ ജൂലൈ അഞ്ചുവരെ മോട്ടോര്‍വാഹന വകുപ്പ് ജില്ലയില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. 'ഓപറേഷന്‍ റേസ്' എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഷന്‍, റദ്ദുചെയ്യല്‍ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ പി ആര്‍ സജീവ് അറിയിച്ചു.
റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ അനധികൃത മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഏഴുദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കിയെന്ന് ഉറപ്പുവരുത്തും. അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഷന്‍, റദ്ദാക്കല്‍ നടപടികള്‍ സ്വീകരിക്കും. പരിശോധന സമയത്ത് നിര്‍ത്താന്‍ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ് നടത്തുന്ന വാഹനങ്ങള്‍, സിഗ്‌നല്‍ നല്‍കിയിട്ടും നിര്‍ത്താതെ പോവുക, വീഡിയോകളായി ലഭിക്കുന്ന പരാതികള്‍ എന്നിവയില്‍ അന്നോ തൊട്ടടുത്ത ദിവസമോ വാഹന ഉടമയുടെ വിലാസത്തില്‍ ചെലാന്‍ നല്‍കും. ലൈസന്‍സ് വിവരങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും.