ആഫ്രിക്കന്‍ പന്നിപ്പനി: പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

Update: 2022-07-19 08:19 GMT

കൊച്ചി: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്രമൃഗസംരക്ഷണ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധനടപടികള്‍ ശക്തമാക്കി. ജില്ലയിലെ സ്വകാര്യ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പന്നികളില്‍ രോഗലക്ഷണമോ മരണമോ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ജില്ലാ മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കി.

പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. ഫലപ്രദമായ വാക്‌സിനോ ചികില്‍സയോ ഇല്ലാത്ത രോഗമായതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ക്കും ജൈവസുരക്ഷ നടപടികള്‍ക്കുമാണ് പ്രാധാന്യം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് നിലവില്‍ പന്നിയും പന്നിയിറച്ചിയും ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നുണ്ട്. ഇതുമൂലം കേരളത്തിലേക്ക് ആഫ്രിക്കന്‍ പന്നിപ്പനി പടരാനുളള സാധ്യത മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും പന്നികളെ വാങ്ങുന്നതിനും പന്നിയിറച്ചിയും അനുബന്ധ ഉല്‍പ്പന്നങ്ങളും, പന്നി കാഷ്ഠവും കൊണ്ടുവരുന്നതിനും താല്‍കാലിക നിരോധനം ജൂലൈ 14 മുതല്‍ 30 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിരോധ കുത്തിവെയ്പ്പ് ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തുന്ന ഫാമുകളില്‍ രോഗലക്ഷണമുളള പന്നികളെ കൊന്ന് കുഴിച്ചുമൂടുക എന്നതാണ് രോഗനിയന്ത്രണത്തില്‍ പ്രധാനം. പന്നി വളര്‍ത്തുന്ന കര്‍ഷകര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഉഷാറാണി അറിയിച്ചു.

Tags:    

Similar News