കൊവിഡിനിടയിലും കൊലക്കത്തിയുയര്‍ത്തി ആര്‍എസ്എസ്; സ്വലാഹുദ്ദീന്‍ വധത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന
ഒരു ഡസനിലേറെ പേര്‍ വിവിധ സംഘങ്ങളായി തമ്പടിച്ചാണ് കൊലപാതകം നടത്തിയതെന്നും ആര്‍എസ്എസ് കേന്ദ്രത്തിലെ പുഴയോരത്തു കൂടിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നുമാണു പോലിസ് നിഗമനം.
കണ്ണൂര്‍: നാടൊന്നാകെ കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും കൊലക്കത്തി താഴെയിടാതെ സംഘപരിവാരം. കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍ കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ്ഡിപി ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ വെട്ടിക്കൊന്ന ആര്‍എസ്എസ് സംഘം മേഖലയില്‍ നിരന്തരം കലാപത്തിനു പദ്ധതിയിട്ടിരുന്നതായാണു വിവരം. രണ്ടു സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പോലിസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമിസംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ വടിവാള്‍ കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിച്ചു.
കൊലപാതകത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. ആദ്യം ബൈക്കിലെത്തിയ സംഘം മനപൂര്‍വം വാഹനം സ്വലാഹുദ്ദീന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ അടുത്ത സംഘമെത്തിയാണ് വെട്ടിവീഴ്ത്തിയത്. ഇതിനുശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെയെത്തിയ രണ്ടു വാഹനങ്ങളിലായാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണു സൂചന. നേരത്തെയും മേഖലയില്‍ അയ്യൂബ് വധശ്രമം ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ പങ്കാളികളായ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സമീപത്തെ ശ്രീനാരായണ ഗുരു മന്ദിരം കേന്ദ്രീകരിച്ചാണ് കൊലയാളികള്‍ തമ്പടിച്ചതെന്നാണു വിവരം. ഇവിടെനിന്ന് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒരു ഡസനിലേറെ പേര്‍ വിവിധ സംഘങ്ങളായി തമ്പടിച്ചാണ് കൊലപാതകം നടത്തിയതെന്നും ആര്‍എസ്എസ് കേന്ദ്രത്തിലെ പുഴയോരത്തു കൂടിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നുമാണു പോലിസ് നിഗമനം.
അതിനിടെ, തുടക്കത്തില്‍ തന്നെ പോലിസ് അനാസ്ഥ കാട്ടിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വാഹനത്തില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീന്‍ പോലിസിനെ അറിയിച്ചങ്കെിലും ആരുമെത്തിയില്ല. സ്വലാഹുദ്ദീനെ വെട്ടിവീഴ്ത്തിയതിനെ തുടര്‍ന്ന് സഹോദരിമാര്‍ ബഹളമുണ്ടാക്കിയപ്പോഴാണ് ഇതുവഴി വാഹനത്തിലെത്തിയവര്‍ പോലിസിനെ വിവരമറിയിച്ചത്. എന്നാല്‍, ഏറെ വൈകിയാണ് പോലിസെത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Swalahuddin murder: RSS behind conspiracy