വംശീയവിഷം തുപ്പി ബിജെപി എംപി; തബ് ലീഗുകാരെ ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യണം, മദ്‌റസകളില്‍ മതമൗലിക വാദം പഠിപ്പിക്കുന്നു
മുസാഫര്‍പൂര്‍(ബിഹാര്‍): കൊവിഡ് വ്യാപനത്തിന്റെ മറവില്‍ മുസ് ലിംകള്‍ക്കെതിരേ വംശീയ വിഷം തുപ്പി ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ്. കൊറോണ വൈറസ് വ്യാപിപ്പിച്ചതിനു എല്ലാ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യണമെന്നായിരുന്നു അജയ് നിഷാദ് എംപിയുടെ വിവാദപ്രസ്താവന. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യ നേരിടുന്ന ഗുരുതരമായ സാഹചര്യത്തിന് കാരണം നിസാമുദ്ദീന്‍ മര്‍കസില്‍ നിന്നുള്ള തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 വ്യാപിച്ചതിന് ഉത്തരവാദികളായ നിസാമുദ്ദീന്‍ മര്‍കസ് തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ ഭീകരവാദികളായി കണക്കാക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനുപുറമെ, മദ്‌റസകള്‍ക്കെതിരേയും വിദ്വേഷപരാമര്‍ശം നടത്തിയിട്ടുണ്ട്. പഞ്ചറുകള്‍ എങ്ങനെ നന്നാക്കാം എന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസം മാത്രമാണ് മദ്‌റസകളില്‍ നിന്നു നല്‍കുന്നതെന്നും അതിനാലാണ് ഇവര്‍ക്ക് പകര്‍ച്ചവ്യാധിയെ കുറിച്ച് കൂടുതല്‍ അറിയാത്തതെന്നും അജയ് നിഷാദ് എംപി പറഞ്ഞു. അവര്‍ക്ക് പഞ്ചറുകള്‍ നന്നാക്കാന്‍ മതിയായ വിദ്യാഭ്യാസം മാത്രമേ നല്‍കുന്നുള്ളൂ. മദ്‌റസകളില്‍ നിഷ്‌കളങ്കരായ കുട്ടികളെ മൗലികവാദം പഠിപ്പിക്കുകയും വികലമായ വിദ്യാഭ്യാസം നല്‍കുകയുമാണ് ചെയ്യുന്നതെന്നും ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസത്തിന്റെ അഭാവം കാരണം ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് തബ് ലീഗ് ജമാഅത്തുകാര്‍ രാജ്യത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ തന്റെ നിയോജകമണ്ഡലമായ മുസാഫര്‍പൂരില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 53 കാരനായ അജയ് നിഷാദ് എംപിയുടെ പരാമര്‍ശം. നേരത്തേ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കാതിരുന്ന മുസാഫര്‍പൂര്‍ ഗ്രീന്‍ സോണിലായിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ വരവ് കാരണം പോസിറ്റീവ് കേസുകളുണ്ടായി. തബ് ലീഗ് ജമാഅത്തുകാര്‍ രാജ്യത്തുടനീളം കൊറോണ വ്യാപിപ്പിച്ചെന്നും ബിജെപി എംപി അജയ് നിഷാദ് പറഞ്ഞു. മുന്‍ എംപിയും കേന്ദ്രസര്‍ക്കാരിലെ സഹമന്ത്രിയുമായ അന്തരിച്ച ജയ് നരേന്‍ പ്രസാദ് നിഷാദിന്റെ മകനുമായ അജയ് നിഷാദ് മുസാഫര്‍പൂരില്‍ നിന്ന് രണ്ടുതവണ പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലുള്ള ബിജെപി നേതാക്കള്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി രംഗത്തെത്തിയിരുന്നു.