പാര്‍ലിമെന്റിനുള്ളിലെ സുരക്ഷാവീഴ്ച; അക്രമികളുടെ പാസിലുള്ള ഒപ്പ് ബിജെപി എംപിയുടേത്

Update: 2023-12-13 10:24 GMT

ന്യൂഡല്‍ഹി: ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് നടുത്തളത്തിലേക്ക് ചാടി ഇറങ്ങി അതിക്രമം കാണിച്ചതിനു പിടിയിലായവരുടെ സന്ദര്‍ശക പാസില്‍ ഒപ്പിട്ടത് ബിജെപി എംപി. ബിജെപി നേതാവും മൈസൂര്‍ കുടക് എംപിയുമായ പ്രതാപ് സിന്‍ഹ ഒപ്പുവച്ച പാസാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്. പാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിക്രമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരെയാണ് പാര്‍ലമെന്റിനുള്ളില്‍നിന്ന് പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും ഖാലിസ്താന്‍ വാദികളാണ് ഇവരെന്നുമാണ് പ്രാഥമിക നിഗമനം. ലോക്‌സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ഒന്നോടെയാണ് അതീവ സുരക്ഷാ വീഴ്ചയുള്ള സംഭവങ്ങള്‍ നടന്നത്. സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ ഭരണപക്ഷ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ചാടുകയായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥരും എംപിമാരും ചേര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഷൂവിനുള്ളില്‍ ഒളിപ്പിച്ച കളര്‍ സ്‌മോക്ക് സ്‌പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടര്‍ന്നു.

   



 ഭരണഘടനയോട് ഉത്തരവാദിത്തം കാണിക്കുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. രണ്ടുപേരെയും സുരക്ഷാവിഭാഗം പിടികൂടി. പാര്‍ലമെന്റിന് പുറത്ത് കളര്‍ ഗ്യാസ് സ്‌പ്രേ പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ വിളിച്ചതെന്നും അന്‍മോല്‍, നീലം എന്നിവരാണ് പിടിയിലായതെന്നുമാണ് റിപോര്‍ട്ട്.

Tags:    

Similar News