ഡബ്ല്യുഎഫ്‌ഐ ഓഫിസ് ഇനി പ്രവര്‍ത്തിക്കുക ലൈംഗിക പീഡനക്കേസ് പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിന്റെ വീട്ടില്‍

Update: 2025-01-25 08:43 GMT
ഡബ്ല്യുഎഫ്‌ഐ ഓഫിസ് ഇനി പ്രവര്‍ത്തിക്കുക ലൈംഗിക പീഡനക്കേസ് പ്രതിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിന്റെ വീട്ടില്‍

ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫിസ് ലൈംഗിക പീഡനക്കേസ് പ്രതിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംങിന്റെ വീട്ടിലേക്ക് മാറ്റി. സിങിനെതിരായ ലൈംഗിക പീഡന പരാതിയിലെ വിചാരണ ഡല്‍ഹി കോടതിയില്‍ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 2023-ല്‍ കായിക മന്ത്രാലയം ഡബ്ല്യുഎഫ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഡബ്ല്യുഎഫ്‌ഐ ഓഫീസ് ഹരി നഗറിലേക്ക് മാറ്റിയിരുന്നു.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. ഗുസ്തി ദേശീയ ക്യാംപില്‍ വച്ച് നിരവധി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു കേസ്.

ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ 2023 ജനുവരിയില്‍ ജന്തര്‍മന്തറില്‍ സാക്ഷി മാലിക്കും മറ്റു ഗുസ്തിതാരങ്ങളും പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബ്രിജ് ഭൂഷണ്‍ സിങിന്റെ വാദം.

Tags:    

Similar News