തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സംഘപരിവാരത്തിന്റെ വാദങ്ങള്‍ ഏറ്റുപിടിച്ച് കേരള പിഎസ് സിയുടെ പ്രസിദ്ധീകരണം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പബ്ലിസ് സര്‍വീസ് കമ്മീഷന്‍(പിഎസ് സി) ഔദ്യോഗികമായി പുറത്തിറക്കുന്ന പി എസ് സി ബുള്ളറ്റിനിലാണ് ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തിനു പിന്നില്‍ തബ് ലീഗ് ജമാഅത്താണെന്ന വാദം നിരത്തിയിട്ടുള്ളത്. 2020 ഏപ്രില്‍ 15നു പുറത്തിറങ്ങുന്ന വോള്യം നമ്പര്‍ 31ലാണ് വിവാദ പരാമര്‍ശമുള്ളത്. ബുള്ളറ്റിനിലെ പൊതുവിവരങ്ങള്‍ സംബന്ധിച്ച സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും തയ്യാറാക്കിയ വിവരങ്ങളിലാണ് തബ് ലീഗ് ജമാഅത്തിനെ കുറിച്ച് പരാമര്‍ശമുള്ളത്. 19ാം നമ്പറില്‍ നല്‍കിയ ചോദ്യാവലിയില്‍ 'രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത്‌നിസാമുദ്ദീന്‍' എന്നാണു നല്‍കിയിരിക്കുന്നത്.
നേരത്തേ, അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ കുടുങ്ങിപ്പോയ തബ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്ന വിധത്തിലായിരുന്നു ഡല്‍ഹി പോലിസിന്റെയും സംഘപരിവാരത്തിന്റെയും നീക്കം. രാജ്യത്ത് കൊവിഡ് വ്യാപിക്കാന്‍ കാരണം പോലും തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. പല സ്ഥലങ്ങളിലും തബ് ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുത്വ മാധ്യമങ്ങള്‍ ഇസ് ലാമോഫോബിയ വളര്‍ത്താനായിരുന്നു ഇതിനെ ശ്രമിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ രണ്ടു വാര്‍ത്താചാനലുകള്‍ തബ് ലീഗ് കൊവിഡ് എന്ന പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. മാത്രമല്ല, കൊവിഡിനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതും ഇതിന്റെ മറവില്‍ വര്‍ഗീയത വളര്‍ത്താനും ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു.
ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും തബ് ലീഗ് പ്രവര്‍ത്തകര്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാവുകയും മഹാഭൂരിപക്ഷം പേര്‍ക്കും നെഗറ്റീവാകുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ മേഖലയില്‍ ആരോഗ്യവകുപ്പ് ആറായിരത്തോളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കു മാത്രമാണ് കൊവിഡ് രോഗം കണ്ടെത്തിയത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും 4000ത്തോളം തബ് ലീഗ് പ്രവര്‍ത്തകരെ വിട്ടയക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ സംഘപരിവാരം ഇസ് ലാമോഫോബിയ വളര്‍ത്താന്‍ തബ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടിയതിനു പിന്നാലെയാണ്, കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും സമാന രീതിയിലുള്ള പരാമര്‍ശം ഉണ്ടായിട്ടുള്ളത്. സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്ന കേരള പി എസ് സിക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുയരുമെന്നുറപ്പാണ്.