തബ് ലീഗ്-കൊവിഡ് പരാമര്‍ശം: ബുള്ളറ്റിന്‍ വിവാദത്തില്‍ മലക്കംമറിഞ്ഞ് പിഎസ് സി
ഉത്തരവാദികളായ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപിപ്പിച്ചത് ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനമാണെന്ന വിധത്തില്‍ ബുള്ളറ്റിനില്‍ വന്ന വിവാദപരാമര്‍ശത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയ പിഎസ്‌സി ഒടുവില്‍ മലക്കംമറിഞ്ഞു. സംഘപരിവാര വാദങ്ങള്‍ ഏറ്റുപിടിച്ച കേരള പിഎസ് സിയുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് എഡിറ്റോറിയല്‍ വിഭാഗത്തിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് പിഎസ്‌സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്‍(പിഎസ് സി) ഔദ്യോഗികമായി പുറത്തിറക്കുന്ന പി എസ് സി ബുള്ളറ്റിനിലാണ് ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തിനു പിന്നില്‍ തബ് ലീഗ് ജമാഅത്താണെന്ന വാദം നിരത്തിയത്. 2020 ഏപ്രില്‍ 15നു പുറത്തിറങ്ങുന്ന വോള്യം നമ്പര്‍ 31ലാണ് വിവാദ പരാമര്‍ശമുള്ളത്. ബുള്ളറ്റിനിലെ പൊതുവിവരങ്ങള്‍ സംബന്ധിച്ച സമകാലികം എന്ന ശീര്‍ഷകത്തില്‍ എ ശ്രീകുമാറും ബി രാജേഷ് കുമാറും തയ്യാറാക്കിയ വിവരങ്ങളിലാണ് തബ് ലീഗ് ജമാഅത്തിനെ കുറിച്ചുള്ള പരാമര്‍ശം.
19ാം നമ്പറില്‍ നല്‍കിയ ചോദ്യാവലിയില്‍ 'രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത്‌നിസാമുദ്ദീന്‍' എന്നാണു നല്‍കിയിരിക്കുന്നത്. സംഭവം വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ മെയ് 11 നു ഗുരുതരമായ പിഴവിന് യാതൊരു വിധ നീതീകരണവുമില്ലെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പിഎസ് സി സെക്രട്ടറി ഔദ്യോഗിക ഫേസ്ബുക്കിലൂടെയും വാര്‍ത്താകുറിപ്പിലൂടെയും അറിയിച്ചിരുന്നു. 'അനുചിതവും വസ്തുതാവിരുദ്ധവുമായ വിവരം ഉള്‍പ്പെട്ടതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബുള്ളറ്റിനിന്റെ പ്രസിദ്ധീകരണ ചുമതലയില്‍ നിന്നു ഒഴിവാക്കാനും അവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍, മെയ് 12നു ചേര്‍ന്ന യോഗത്തിലാണ് ദുരൂഹമായ നിലപാട് മാറ്റമുണ്ടായത്. മാത്രമല്ല, ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വാര്‍ത്താധിഷ്ഠിത വിവരങ്ങളാണിതെന്നും ഇതിന്റെ പേരില്‍ ഒരു ദിനപത്രം തെറ്റിദ്ധാരണ പരത്തുകയും പിഎസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വൈ സലാഹുദ്ദീന്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. മാത്രമല്ല, ഇത്തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വാര്‍ത്ത നല്‍കിയ ദിനപത്രത്തിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചതായും വിശദീകരിക്കുന്നുണ്ട്. മറ്റു പത്രങ്ങളില്‍ വന്ന വാര്‍ത്ത പകര്‍ത്തിയെഴുതിയതിന്റെ പേരില്‍ മൂന്നാഴ്ചയ്ക്കു ശേഷം പിഎസ് സി എന്ന ഭരണഘടനാ സ്ഥാപനത്തിനെതിരേ തെറ്റായ വാര്‍ത്ത നല്‍കുകയാണ് പത്രം ചെയ്തതെന്നും 'സമകാലികത്തിന്റെ സത്യാവസ്ഥ' എന്ന വിശദീകരണത്തില്‍ പി എസ് സി വ്യക്തമാക്കുന്നു.
അതേസമയം, ഖേദപ്രകടനം നടത്തുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത പി എസ് സിയുടെ നിലപാട് മാറ്റത്തിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദ്ദമാണെന്ന ആരോപണം ശക്തമാണ്. ഉത്തരവാദികളായ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. വിവാദ പരാമര്‍ശത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണു ശ്രമം നടക്കുന്നത്. അതിനിടെ, തബ് ലീഗ് ജമാഅത്തിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം ഒഴിവാക്കി പി എസ് സി ബുള്ളറ്റിന്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.