താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
സ്രാങ്കും സഹായിയും ഇപ്പോഴും ഒളിവില്‍
മലപ്പുറം: താനൂര്‍ തൂവല്‍ത്തീരത്ത് 22 പേര്‍ മരിച്ച അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. സംഭവശേഷം ഒളിവിലായിരുന്ന നാസറിനെ ഇന്നലെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇയാളെ താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കാനായിരുന്നു തീരുമാനമെങ്കിലും ജനരോഷം കണക്കിലെടുത്ത് താനൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. നാസറിനെ ഇന്ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. പരിശോധനക്ക് ശേഷം ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. പ്രതിയെ കോടതിയിലെത്തിക്കുമ്പോഴും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നതിനാല്‍ വന്‍ സുരക്ഷയൊരുക്കാനാണ് പോലിസ് തീരുമാനം.
നാസറിനെ ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഇപ്പോഴും ഒളിവിലാണ്. മുന്‍ ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന്‍ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
അതിനിടെ, ബോട്ടപകടം ഉണ്ടായ തൂവല്‍തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് ലഭിക്കാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവിലില്ല. നേവിയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു. അതിനുപുറമെ, അപകടം വരുത്തിയ ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഇപ്പോഴും ഒളിവിലാണ്. ജീവനക്കാര്‍ ജില്ല വിട്ടുപോയിട്ടില്ലെന്നാണേ പോലിസ് നിഗമനം.