മലപ്പുറത്ത് ക്ഷേത്രങ്ങളിലെ കവര്‍ച്ച; പ്രതി ശ്രീകുമാര്‍ അറസ്റ്റില്‍

ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെ പേരില്‍ സംഘപരിവാര കേന്ദ്രങ്ങള്‍ പതിവുപോലെ ഇക്കുറിയും കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു

Update: 2020-07-04 07:15 GMT

രാമപുരം: മലപ്പുറം ജില്ലയിലെ രാമപുരത്ത് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചെത്തലൂര്‍ സ്വദേശി ആനക്കുഴി വീട്ടില്‍ ശ്രീകുമാറിനെയാണ് പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള കൊളത്തൂര്‍ സി ഐ പി എം ഷമീര്‍, എസ് ഐ മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 30നു രാത്രിയിലാണ് രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും അയോദ്ധ്യ ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും മേലെ അരിപ്രയിലെ വീടുകളിലും മോഷണവും മോഷണശ്രമങ്ങളും നടന്നത്. തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

    അമ്പലത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് സിസിടിവി ഉള്‍പ്പെടെയുള്ള ക്ഷേത്രക്കുളത്തില്‍ വലിച്ചെറിഞ്ഞെങ്കിലും പോലിസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാനായത്. ഈയിടെ ജയിലില്‍ നിന്നിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രീകുമാറിനെ പെരിന്തണ്ണല്‍ മണ്ണയില്‍ നിന്നു പിടികൂടിയത്. വിശദമായ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചിരട്ടാമലയില്‍ നിന്നും മനഴി ബസ് സ്റ്റാന്റ് പരിസരത്തെ ആള്‍ത്താമസമില്ലാത്ത വീടുകളില്‍നിന്നും മേലെ അരിപ്പാമ്പ്രയിലെ വീട്ടില്‍നിന്നും വിലകൂടിയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ മോഷണം നടത്തിയ സംഭവത്തിലും തുമ്പുണ്ടായതായി പോലിസ് പറയുന്നു.

    ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെ പേരില്‍ സംഘപരിവാര കേന്ദ്രങ്ങള്‍ പതിവുപോലെ ഇക്കുറിയും കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിരന്തരമായി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടക്കുന്നതിലും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതിലും ദുരൂഹതയുണ്ടെന്നായിരുന്നു സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നത്. മാത്രമല്ല, ക്ഷേത്ര കവര്‍ച്ചയെ കുറിച്ച് വന്‍ പ്രചാരണത്തോടെ വാര്‍ത്ത നല്‍കിയ സംഘപരിവാര പത്രം പ്രതിയെ പിടികൂടിയപ്പോള്‍ മറച്ചുവച്ചു എന്നതും ശ്രദ്ധേയമാണ്. നേരത്തെയും ഇത്തരത്തില്‍ മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് സംഘപരിവാരം അപവാദപ്രചാരണം നടത്തിയിരുന്നു. ബഹുഭൂരിപക്ഷം കേസുകളിലും പിടിയിലായ പ്രതികള്‍ ഹൈന്ദവ സമുദായാംഗങ്ങളാണെന്നതിനാല്‍ സംഘപരിവാര കുപ്രചാരണം പാളിപ്പോവുകയായിരുന്നു.

Temple Robbery in Malappurams; Accused Sreekumar was arrested



Tags:    

Similar News