ലക്ഷ്യം ലക്ഷദ്വീപിനെ സാമ്പത്തികമായി തകര്‍ക്കല്‍; പ്രഫുല്‍ ഖോഡാ പട്ടേല്‍ ചെയ്യുന്നത് ഇതൊക്കെയാണ്

ലക്ഷദ്വീപിലെ മറ്റൊരു പ്രധാന തൊഴിലായ കപ്പല്‍ മേഖല ഷിപ്പിങ് കോര്‍പ്പറേഷന് കൈമാറുന്നതിലൂടെ 1000ത്തോളം കപ്പല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Update: 2021-08-05 05:47 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ജനദ്രോഹ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ദ്വീപ് ജനതയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കലാണെന്ന് ആക്ഷേപം. ടൂറിസം വികസനത്തിന്റെ പേരില്‍ മദ്യശാലകള്‍ ഉള്‍പ്പടെ തുറന്ന് ദ്വീപ് ജനതയുടെ സാസംകാരിക അടിത്തറ തകര്‍ക്കുന്നതിനു പുറമെയാണ് സാമ്പത്തിക തകര്‍ച്ചയും സൃഷ്ടിക്കുന്നത്.


സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ദ്വീപ് നിവാസികളില്‍ ആയിരത്തിലധികം പേര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടി കാരണം തൊഴില്‍ നഷ്ടപ്പെടുന്നത്. വനം വകുപ്പിലെ 750 ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടു. 2000ത്തോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നുമുണ്ട്. മാസം ശരാശരി 15000 രുപ ശമ്പളം ലഭിച്ചിരുന്ന ദ്വീപ് നിവാസികളായ ഇവരെ പിരിച്ചുവിടുന്നതോടെ ഒരു മാസം ദ്വീപിന് നഷ്ടമാകുന്നത് 3 കോടി രൂപയാണ്.


ലക്ഷദ്വീപിലെ മറ്റൊരു പ്രധാന തൊഴിലായ കപ്പല്‍ മേഖല ഷിപ്പിങ് കോര്‍പ്പറേഷന് കൈമാറുന്നതിലൂടെ 1000ത്തോളം കപ്പല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ലക്ഷദ്വീപ് നിവാസികള്‍ എന്ന പേരിലുണ്ടായിരുന്ന നിയമനങ്ങള്‍ ഷിപ്പിങ് കോര്‍പറേഷ് വിടുന്നതോടെ ഇല്ലാതെയാകും. ഫലത്തില്‍ ഇത്രയുംപേര്‍ തൊഴില്‍ രഹിതരാകും. പോര്‍ട്ട്, എല്‍ഡിസിഎല്‍ എന്നീ വകുപ്പുകള്‍ പിരിച്ച് വിടുന്നതിലൂടെ ദ്വീപിലെ 600ഓളം സ്ഥിരം ജോലിക്കാര്‍ക്കും തൊഴില്‍ നഷ്ടമാകും.


ലക്ഷദ്വീപിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കരാര്‍ തൊഴിലാളികളായി ജോലി ചെയ്യുന്ന നിത്യക്കൂലിക്കാരുടെ ഉപജീവനം ഇല്ലാതെയാക്കുന്ന നടപടികളും അഡ്മിനിസ്‌ട്രേറ്റര്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ കുത്തക കമ്പനികള്‍ക്ക് നല്‍കാനാണ് പുതിയ തീരുമാനം. സ്ഥിരം തൊഴിലാൡകളുള്ള വന്‍ കമ്പനികള്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുന്നതോടെ ദ്വീപിലെ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന തൊഴിലവസരങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുക.


ദ്വീപിലെ വൈദ്യുതി, കൃഷി, മൃസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം എന്നീ വകുപ്പുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും നീക്കമുണ്ട്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കി തുടങ്ങി. ഇതോടെ ഈ മേഖലകളില്‍ ദ്വീപ് നിവാസികള്‍ക്ക് ഉണ്ടായിരുന്ന ജോലി സാധ്യതകള്‍ ഇല്ലാതെയാകും. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും.


ഇതിനെല്ലാം പുറമെയാണ് ഭൂമി പിടിച്ചെടുക്കല്‍ നിയമത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡും കച്ചവട കേന്ദ്രങ്ങളും തകര്‍ക്കുന്നത്. കഴിഞ്ഞ ദിവസം കവരത്തി ആശുപത്രിക്ക് സമീപം സ്വാശ്രയ സംഘത്തിലെ 10 വനിതകള്‍ നടത്തിയിരുന്ന ഹോട്ടല്‍ ഷെഡ് അഡ്മിനിസ്ര്‌ട്രേറ്ററുടെ നിര്‍ദേശ പ്രകാരം തകര്‍ത്തിരുന്നു. പത്ത് കുടുംബങ്ങളുടെ വരുമാന മാര്‍ഗ്ഗമാണ് ഇതോടെ ഇല്ലാതെയായത്. സാമ്പത്തികമായി ലക്ഷദ്വീപ് നിവാസികളെ തകര്‍ക്കുന്ന നിയമങ്ങളും നടപടികളുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ നടപ്പിലാക്കുന്നത്.




Tags:    

Similar News