ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ വോളന്റിയര്‍ മാര്‍ച്ച് തുടങ്ങി
ആലപ്പുഴ: രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര വര്‍ഗീയ ഫാഷിസത്തിനെതിരേ കനത്ത താക്കീതുമായി ആലപ്പുഴയുടെ മണ്ണില്‍ പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും തുടങ്ങി. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വോളന്റിയര്‍ മാര്‍ച്ച് വൈകീട്ട് 4.30 ഓടെ ആലപ്പുഴ ഇരുമ്പുപാലം ജങ്ഷനില്‍ നിന്നാണ് വോളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചത്. പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി ആലപ്പുഴയുടെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാര്‍ച്ച് കടന്നുപോവുന്നത്.
വോളന്റിയര്‍ മാര്‍ച്ചിന് പ്രചോദനമായി ബാന്റ് പാര്‍ട്ടികളും നിശ്ചലദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. മുന്‍നിരയില്‍ ഓഫിസേഴ്‌സ് സംഘമടങ്ങിയ ആദ്യ കേഡറ്റ് ബാച്ച് അണിനിരന്നു. അതിന് പിന്നിലായി രണ്ടാമത്തെ കേഡറ്റ് ബാച്ചും തൊട്ടുപിന്നില്‍ ബാന്റ് സംഘമടങ്ങിയ കേഡറ്റുകളും ചുവടുകള്‍ വച്ചു. ഇതിന് പിന്നിലായി ബാക്കിയുള്ള കേഡറ്റ് ബാച്ചുകളും അണിനിരന്നു.
ആവേശം അലതല്ലി നീങ്ങിയ യൂനിറ്റി മാര്‍ച്ചിനു തൊട്ടുപിന്നിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയ ബഹുജനറാലിയും നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. മുഷ്ടിചുരുട്ടി ആവേശത്തോടെ വാനിലേക്കുയര്‍ന്ന മുദ്രാവാക്യങ്ങള്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരേ ജനകീയ പ്രതിരോധത്തിന്റെ ശക്തി വിളിച്ചോതുന്നതായി. പരേഡ് കേഡറ്റുമാര്‍ക്ക് പിന്നിലായി ഒരു ബാനറിന് കീഴിലായിരുന്നു പതിനായിരങ്ങളുടെ ബഹുജനറാലി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന, ജില്ലാ നേതാക്കള്‍ അടങ്ങുന്നതായിരുന്നു റാലിയുടെ മുന്‍നിര. ഭരണഘടന സംരക്ഷിക്കുക, ഫാഷിസത്തെ കുഴിച്ചുമൂടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിലുടനീളം മുഴങ്ങിക്കേട്ടത്. നക്ഷത്രാങ്കിത പതാകയ്ക്ക് കീഴില്‍ അണിനിരന്ന പതിനായിരങ്ങള്‍ സംഘപരിവാര ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. പശുവിന്റെയും പോത്തിന്റെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന സംഘപരിവാരത്തിന്റെയും ജന്‍മം കൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണ വെറിയന്‍മാരുടെയും പൈശാചികതകള്‍ തുറന്നുകാട്ടിയാണ് വോളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും ചരിത്ര നഗരത്തിന്റെ വീഥികളെ പുളകംകൊള്ളിച്ച് കടന്നുപോയത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്വേഷരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അരുംകൊലകളെയും സംഘപരിവാര ഭീകരതയുടെ തനിനിറവും തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങള്‍ ഏവരുടെയും കണ്ണുതുറപ്പിക്കുന്നതായി. സംഘപരിവാര ഭീഷണിക്ക് കീഴില്‍ രാജ്യം നേരിടുന്ന ഭയചകിതമായ വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളും പ്രകടമായി.
ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണോല്‍സുക മുന്നേറ്റത്തിനും ഭരണകൂടനീതിനിഷേധങ്ങള്‍ക്കുമെതിരേ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നേര്‍ത്തില്ലാതാവുന്ന കാലത്ത് ഇരകളുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതായിരുന്നു റാലിയിലെ കാഴ്ചകള്‍. കൊലയാളികള്‍ക്ക് ഭരണാധികാരികള്‍തന്നെ ഓശാനപാടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ നേരിടുന്ന ഇക്കാലത്ത് വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന്റെ പുതിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നത് കൂടിയായി പോപുലര്‍ ഫ്രണ്ട് റാലി.
വികസനവും പരിവര്‍ത്തനവും സ്വാതന്ത്ര്യവും പ്രതീക്ഷയും പ്രതിഫലിക്കുന്ന നക്ഷത്രാങ്കിത മൂവര്‍ണ പതാകയേന്തി ഒഴുകിയെത്തിയ ജനക്കൂട്ടം സംഘപരിവാര കുപ്രചാരണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന്റെ കൊടുങ്കാറ്റുതന്നെയാണു തീര്‍ത്തത്. മാര്‍ച്ചും ബഹുജന റാലിയും വീക്ഷിക്കാന്‍ ആലപ്പുഴയുടെ തെരുവീഥികളില്‍ ഇരുവശത്തുമായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ജനമഹാസമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ജില്ലാ പോലിസ് മേധാവി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
വൈകീട്ട് ആറുമണിയോടെ വോളന്റിയര്‍ മാര്‍ച്ച് സമ്മേളന നഗരിയാണ് ആലപ്പുഴ ബീച്ചിലെത്തും. പിന്നാലെ വമ്പിച്ച ബഹുജന റാലിയും സംഗമിക്കും. തുടര്‍ന്ന് വേദിയില്‍ ബാന്‍ഡ് അംഗങ്ങളുടെ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എംഎ സലാം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ മുന്‍ എംപി മൗലാനാ ഉബൈദുല്ല ഖാന്‍ അസ്മി മുഖ്യാതിഥിയായിരിക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. ജനസാഗരത്തെ അഭിസംബോധന ചെയ്ത് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അഡ്വ. കെ പി മുഹമ്മദ്, വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി, വി എം ഫതഹുദ്ദീന്‍ റഷാദി, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, എ അബ്ദുല്‍ സത്താര്‍, എം എസ് സാജിദ്, പി എം ജസീല, പി കെ യഹ്‌യാ കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.