ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ടതില്ല; രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കും വരെ പോരാടുമെന്ന് എ അബ്ദുല്‍ സത്താര്‍
തളിപ്പറമ്പ്: ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കേണ്ടതില്ലെന്നും രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിമാനബോധത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ടാവണം. കാരണം ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ് ഇന്ത്യ. നിരവധി പേരുടെ ജീവന്‍ കൊടുത്ത ഈ രാജ്യം നമ്മുടേതാണ്. അഭിമാനത്തോടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തെയാണ് സംഘപരിവാരം ചോദ്യം ചെയ്യുന്നത്. മുസ് ലിംപിന്നാക്ക വിഭാഗങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാനാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. മുസ് ലിം ഉന്‍മൂലനത്തിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനങ്ങള്‍ ആര്‍എസ്എസ് കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.
ഞങ്ങളുടെ ഒന്നാമത്തെ ശത്രുക്കള്‍ മുസ് ലിംകളല്ല, പോപുലര്‍ ഫ്രണ്ടാണെന്നു പറയുമ്പോള്‍ നിങ്ങളുടെ നുണപ്രാചരണത്തില്‍ മുസ് ലിംകളും മുസ് ലിം സംഘടനകളും പോപുലര്‍ ഫ്രണ്ടിനെതിരേ വരുമെന്നാണ് വ്യാമോഹിക്കുന്നതെങ്കില്‍ ആ കാലമൊക്കെ കഴിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിംകളാണ് ഒന്നാമത്തെ ശത്രുവെന്ന് പറയുന്ന വിചാരധാര കത്തിക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ. നിങ്ങള്‍ ഇത്രയും കാലം ചെയ്ത ഓരോ പ്രവൃത്തികളും എണ്ണിയെണ്ണി മാപ്പ് പറഞ്ഞ ശേഷം നിങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ ഒന്നാം ശത്രുപട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ. വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പറയുന്ന ആര്‍എസ്എസ്സിനോട് അത് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളതെന്നും ഇന്ത്യാ രാജ്യത്ത് ആര്‍എസ്എസ് വിരുദ്ധ തരംഗം ശക്തിപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം-ദലിത്-ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങളും നേടിയെടുക്കാന്‍ ഞങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തനപരിചയം മതിയെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് ഡിവിഷന്‍ പ്രസിഡന്റ് ആരിഫ് വി എം അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി അബൂബക്കര്‍ പി എ സ്വാഗതവും തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് ശുഹൂദ് നന്ദിയും പറഞ്ഞു. പരിയാരം ഏരിയ പ്രസിഡണ്ട് അയ്യൂബ് തിരുവട്ടൂര്‍, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.