ഇസ്‌ലാം ആശ്ലേഷണത്തിന്റെ പേരിലുള്ള ഭീഷണി: പോലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല; മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ചിത്രലേഖ
പല ഭാഗത്തു നിന്നും ഭീഷണിയുണ്ടെങ്കിലും ഇസ്‌ലാം മതം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും ചിത്രലേഖ പറഞ്ഞു.
കണ്ണൂര്‍: ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്റെ പേരില്‍ സംഘ്പരിവാരം വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ദലിത് സാമൂഹിക പ്രവര്‍ത്തക ചിത്രലേഖ പറഞ്ഞു. പോലിസില്‍ നിന്നും നീതിപൂര്‍വ്വകമായ സമീപനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാലാണ് പരാതി നല്‍കാത്തതെന്നും ചിത്രലേഖ തേജസിനോട് പറഞ്ഞു.
ഇതുവരെ ഒന്നിലും പോലീസില്‍ നിന്നും നല്ല സമീപനം ലഭിച്ചിട്ടില്ല. അതു കൊണ്ടുതന്നെ പോലീസ് നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും പരാതി നല്‍കും. പരാതിയുമായി മുന്നോട്ടുപോകും. പല ഭാഗത്തു നിന്നും ഭീഷണിയുണ്ടെങ്കിലും ഇസ്‌ലാം മതം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും ചിത്രലേഖ പറഞ്ഞു. അക്കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.