കണ്ണൂര്‍: നിരന്തരം അക്രമങ്ങള്‍ക്കിരയായി ഒടുവില്‍ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കോര്പ്പറേഷന് നമ്പര്‍ നല്‍കുന്നില്ലെന്ന് പരാതി. കണ്ണൂര്‍ ആര്.ടി.ഒ ഉണ്ണികൃഷ്ണനെതിരെയാണ് പരാതി. കഴിഞ്ഞ ജൂണില്‍ ചിത്രലേഖ തന്നെ നേരിട്ടാണ് നിലവിലുള്ള നമ്പര്‍ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആര്.ടി.ഒ ഇത് നിരസിക്കുകയാണ്.
ജൂണ്‍ 25 നാണ് കെ.എല്‍ 13 എ വി O836 ഓട്ടോറിക്ഷക്ക് കെ.എം.സി നമ്പര്‍ മാറ്റി നല്കാന് ചിത്രലേഖ അപേക്ഷ നല്‍കിയത്. നിലവില്‍ 2689, 2690 കെ.എം.സി നമ്പറുകള്‍ ചിത്രലേഖയുടെ ഓട്ടോകളുടേതാണ്. ഇതില്‍ കെ.എല്‍ 13 എ.പി 740 ഓട്ടോറിക്ഷ കാട്ടാമ്പള്ളിയിലെ വീട്ടിനു മുന്നില്‍ വെച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു. ഇതിപ്പോള്‍ വളപട്ടണം പോലിസ് സ്റ്റേഷന് വളപ്പിലാണുള്ളത്. മറ്റൊരു ഓട്ടോറിക്ഷ കെ. എല്‍ 13 എക്സ് 7998 നമ്പര്‍ വീടു നിര്‍മാണത്തിന്റെ ആവശ്യത്തിനായി വില്‍ക്കുകയും ചെയ്തു.
പുതിയ ഒട്ടോറിക്ഷക്കായി വിവിധ സംഘടനകളെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ, മഹിള വിഭാഗം വായ്പ പ്രകാരം പുതിയ ഓട്ടോറിക്ഷ ഇറക്കിക്കൊടുത്തത്. ഡൗണ്‍ പേയ്മെന്റും വണ്ടിയിറങ്ങാനുള്ള ചെലവുമായി അര ലക്ഷത്തോളം രൂപ ഇവര്‍ നല്കി. എന്നാല്‍ മാസം 8,100 രൂപ വായ്പയ അടയ്ക്കെണം. കഴിഞ്ഞ മാസം 5 ന് ചിത്രലേഖ അന്തരിച്ചു. മകള്‍ മേഖയുടെ പേരിലാണ് പുതിയ കെ.എല്‍ കെ.എല്‍ 13 എ.വി O836 ഓട്ടോറിക്ഷ. നിലവിലുള്ള കെ.എം.സി നമ്പറുകളിലൊന്ന് മാറ്റി നല്‍കുകയേ വേണ്ടതുള്ളൂ. ചിത്രലേഖയുടെ ഭര്‍ത്താവ് എം.ശ്രീഷ്കാന്താണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. കെ.എം.സി നമ്പറില്ലാത്തതിനാല്‍ കണ്ണൂര്‍ നഗരത്തിലെ സ്റ്റാന്റുകളില്‍ വെച്ച് ഓടിക്കാനാകുനില്ല. ഇതു കൊണ്ടു തന്നെ വായ്പ തിരിച്ചടവ് മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, ഏക വരുമാന മാര്‍ഗം നിലച്ചതിനാല്‍ കുഞ്ഞുങ്ങളടക്കമുള്ള കുടുംബം പട്ടിണിയിലാണ്.
രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് കെ.എം.സി നമ്പര്‍ മാറ്റി നല്‍കാത്തതെന്ന് ശ്രീഷ്കാന്തും മേഖയും പറയുന്നു. ആറു മാസമായി ആര്.ടി ഒ ഓഫീസില്‍ കയറിയിറങ്ങുകയാണിവര്‍. ആര്.ടി.ഒയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണ്. മരിച്ചിട്ടും ചിത്രലേഖയെ വെറുതെ വിടുന്നില്ലെന്ന് ഇവര്‍ കണ്ണീരോടെ പറയുന്നു. ഓട്ടം പോകാതെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കയറ്റിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ.
പയ്യന്നൂര്‍ എടാട്ട് സി.പി.എം പ്രവര്‍ത്തകരുടെ നിരന്തര അക്രമണത്തിനിരയാവുകയും ചെറുത്തു നില്‍പ്പിലൂടെ ശ്രദ്ധേയയാവുകയുമായിരുന്നു ചിത്രലേഖ. ഇവരുടെ ഓട്ടോറിക്ഷ പല തവണ ആക്രമിക്കപ്പെടുകയും തീവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.