ബാബരി കേസ്: മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി പുനപ്പരിശോധനാ ഹരജി നല്‍കും
കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുല്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്.
ന്യൂഡല്‍ഹി: ബാബരി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജികള്‍ നല്‍കാന്‍ തീരുമാനിച്ചു.
കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുല്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്.
ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒറ്റക്കക്ഷിയായാണ് കോടതിയെ സമീപിക്കുക. ഇവര്‍ അടുത്ത ദിവസം തന്നെ ഹരജി സമര്‍പ്പിച്ചേക്കും. ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ പുനപ്പരിശോധനാ ഹരജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡില്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പുനപ്പരിശോധനാ ഹരജി നല്‍കണമെന്നും നല്‍കേണ്ടതില്ലെന്നും എന്നിങ്ങനെ രണ്ട് അഭിപ്രായമാണ് സുന്നി വഖഫ് ബോര്‍ഡില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
26ന് ലക്‌നോവില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ യോഗം ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക.