യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പ്രതികളായ എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കേസിലെ ഒന്നാംപ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പോലിസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്.
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിലെ ഒന്നാംപ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പോലിസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്.
പോലിസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നസീം ഇടംനേടിയതിനെതിരേ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നതാണ്. കൂടാതെ ക്രിമിനലുകളുടെ കൂട്ടാളിയെന്ന് കോളജിലെ വിദ്യാര്‍ഥികള്‍ ആരോപിച്ച പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ പി പി പ്രണവും എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി അംഗമാണ്. എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ പിഎസ്‌സി റാങ്ക് പട്ടികയില്‍ കടന്നുകൂടിയതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍തന്നെയുള്ള കേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തെന്നും കോപ്പിയടിച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ ഉന്നത റാങ്ക് നേടിയതെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.
പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇവര്‍ക്കൊപ്പം ഇതേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവരെക്കുറിച്ചും അന്വേഷണം നടത്തും. പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നാളെ പിഎസ്‌സിയില്‍നിന്ന് ശേഖരിക്കും. പിഎസ്‌സിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കമ്മീഷനും ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് എഴുത്തുപരീക്ഷയില്‍ കിട്ടിയത്.
സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്കുകൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് 90ന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇതുകൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. രണ്ടാം പ്രതിയായ നസിം പോലിസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമനശുപാര്‍ശ ഒരു മാസത്തിനകം അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയിലാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.