പൗരത്വം തെളിയിക്കണം; ആയിരത്തിലധികം പേര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്
അനധികൃത മാര്‍ഗങ്ങളിലൂടെ ആധാര്‍ നേടിയെന്ന് ആരോപിച്ചാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ഇവര്‍ക്ക് നോട്ടിസ് അയച്ചത്. പോലിസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് നോട്ടിസ് നല്‍കിയതെന്നാണ് യുഐഡിഎഐയുടെ വാദം. അതേസമയം, ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നോട്ടീസ് ലഭിച്ചവര്‍.
ഹൈദരാബാദ്: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം പടരുന്നതിനിടെ ഹൈദരബാദ് സ്വദേശികളായ 1000ല്‍ അധികം പേരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ആധാര്‍ അതോറിറ്റി. സംഭവത്തില്‍ ഇടപെട്ട അഭിഭാഷകരുടെ സംയുക്ത വേദിയെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
അനധികൃത മാര്‍ഗങ്ങളിലൂടെ ആധാര്‍ നേടിയെന്ന് ആരോപിച്ചാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ഇവര്‍ക്ക് നോട്ടിസ് അയച്ചത്. പോലിസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് നോട്ടിസ് നല്‍കിയതെന്നാണ് യുഐഡിഎഐയുടെ വാദം. അതേസമയം, ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നോട്ടീസ് ലഭിച്ചവര്‍.
'തെറ്റായ കാര്യങ്ങളിലൂടെ ആധാര്‍ നേടി'യെന്നും നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ലെന്നുമാണ് പഴയ നഗര പ്രദേശത്തെ തലബ് കട്ടയിലെ താമസക്കാരനായ മുഹമ്മദ് സത്താറിന് ലഭിച്ച നോട്ടീസിലുള്ളത്. നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനല്ലെന്ന് ഈ ഓഫിസിന് പരാതി ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ രീതിയിലാണ് ആധാര്‍ കാര്‍ഡ് നേടിയത്. പരാതിയില്‍ യുഐഡിഐഐയുടെ ഹൈദരാബാദിലെ റീജിയണല്‍ ഓഫിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു. പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഫെബ്രുവരി 20ന് ബാലപൂരിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്.
നേരിട്ടെത്തി പൗരത്വവുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കാനും ഇന്ത്യന്‍ പൗരനല്ലെങ്കില്‍ ഇന്ത്യയിലേക്ക് നിയമപരമായാണ് പ്രവേശിച്ചതെന്നും നിങ്ങളുടെ താമസം നിയമവിധേയമാണെന്നും കാണിക്കുന്ന രേഖകള്‍ ഹാജരാക്കാനുമാണ് ഹൈദരാബാദ് റീജിയണല്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ അമിത ബിന്ദ്രു ഒപ്പുവച്ച നോട്ടിസില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഹൈദരബാദില്‍ കഴിഞ്ഞ 40 വര്‍ഷമായി ജീവിക്കുന്നയാളാണ് സത്താര്‍. റേഷന്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. പൊതുമേഖലാ സ്ഥാപനത്തിലാണ് സത്താറിന്റെ പിതാവ് ജോലിചെയ്തിരുന്നത്. യുഐഡിഎഐക്ക് ഇന്ത്യന്‍ പൗരനെ വിളിച്ചുവരുത്തി പൗരത്വം ചോദ്യം ചെയ്യാന്‍ അധികാരമുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നു സത്താര്‍ പറഞ്ഞു. ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറാകാത്ത പക്ഷം അവരുടെ ഇപ്പോഴത്തെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും ഫെബ്രവരി മൂന്നിന് അയച്ച നോട്ടീസിലുണ്ട്. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടതെന്ന് നോട്ടിസില്‍ പറയുന്നില്ല.
സംഭവം വിവാദമായതോടെ, ഹിയറിങ് മെയിലേക്ക് മാറ്റിവച്ചുവെന്ന് യുഐഡിഎഐ മറ്റൊരു നോട്ടിസില്‍ പറയുന്നു. പൗരത്വം തെളിയിക്കുന്നതിനാവശ്യമായ യഥാര്‍ത്ഥ രേഖകള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് സമയം നല്‍കാനാണ് ഹിയറിങ് മാറ്റിവച്ചത് എന്നാണ് അതോറിറ്റിയുടെ പുതിയ വിശദീകരണം. ആധാര്‍ പൗരത്വ രേഖയല്ല. 2016ലെ ആധാര്‍ നിയമപ്രകാരം ഒരു പൗരന്റെ മേല്‍വിലാസവുമായാണ് ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിക്ക് ആധാര്‍ നമ്പര്‍ നല്‍കല്‍ നിര്‍ബന്ധമാണെന്നും എന്നാല്‍, അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 12 അക്ക ബയോമെട്രിക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്ന നോഡല്‍ ബോഡി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, നോട്ടീസിനെ അപലപിച്ച അഭിഭാഷകരുടെ സംയുക്ത വേദി, നോട്ടീസ് ലഭിച്ചവര്‍ക്ക് നിയമപരമായ സഹായം നല്‍കുമെന്നും അറിയിച്ചു.