ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ് വിചാരണ നീളുന്നു

Update: 2024-09-14 05:20 GMT

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപത്തിനു പിന്നിലെ ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകനും വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസം നാലു വര്‍ഷം പിന്നിടുന്നു. അപ്പോഴും കേസ് വിചാരണ അനന്തമായി നീളുകയാണ്. ഉമര്‍ ഖാലിദും മറ്റ് 11 പേരും ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ പ്രകാരം തടവറയിലാണ്. 'ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ്' എന്ന് ചൂണ്ടിക്കാട്ടി പല കേസുകളിലും സുപ്രിംകോടതി ജാമ്യം നല്‍കുന്ന സാഹചര്യത്തിലാണ് ഉമര്‍ ഖാലിദിന്റെയും മറ്റും കാര്യത്തില്‍ ജാമ്യം നിഷേധിക്കപ്പെട്ടും വിചാരണ വൈകിച്ചും നീതിനിഷേധം തുടരുന്നത്.

    നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കള്‍ യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെട്ടിട്ടും രണ്ടു വര്‍ഷമാവുന്നു. 2022 സപ്തംബര്‍ ഒടുവില്‍ ഇവരുടെ അറസ്റ്റിനു ശേഷമാണ് സംഘടന നിരോധിക്കപ്പെടുന്നത്. പിന്നീട് ഇവരില്‍ പലര്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരവും കേസെടുത്തു. യുഎപിഎ കേസുകളിലും 'ജാമ്യമാണ് നിയമം' എന്ന മൗലികാവകാശ തത്ത്വം ഉയര്‍ത്തിപ്പിടിച്ച് അടുത്തിടെയും സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭീമാ കൊറേഗാവ് കേസിലും പലരും അന്യായമായ ജയില്‍ വാസം തുടരുകയാണ്.

    അഴിമതി കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയക്ക് ജാമ്യം നല്‍കിയിരുന്നു. സിബിഐ കേസിന്റെ പേരില്‍ ജയില്‍ വാസം നീണ്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം അനുവദിച്ച സുപ്രിംകോടതി ബെഞ്ചില്‍ ഒരാളായ ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഉമര്‍ ഖാലിദിന്റെ ജയില്‍വാസം നാലുവര്‍ഷം പൂര്‍ത്തിയായ വേളയില്‍ ധാരാളം പേര്‍ സാമൂഹികമാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയാക്കുന്നുണ്ട്. ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന്റെ നാലു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ഫിലിം മേക്കറായ ലളിത് വചനി തയ്യാറാക്കിയ 'പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രെസെന്റ്' എന്ന ഡോക്യുമെന്ററി ഡല്‍ഹിയിലെ ജവഹര്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു. ഉമര്‍ ഖാലിദിന്റെ ചിത്രവും 'അനീതിയുടെ നാലു വര്‍ഷം, ഉമര്‍ ഖാലിദിനെ മോചിപ്പിക്കുക, എല്ലാ പ്രതിഷേധകരെയും വിട്ടയക്കുക' എന്നും മറ്റുമുള്ള സന്ദേശങ്ങളും അടങ്ങിയ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്.

    'ഇന്ന് ഉമര്‍ ഖാലിദിന്റെ തടവറ വാസത്തിന് നാലു വര്‍ഷം. ജാമ്യവും വിചാരണയുമില്ല. ജനാധിപത്യ രാജ്യമെന്നു കരുതപ്പെടുന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണിത്. ഇത് നമ്മുടെ നീതിന്യായ സംവിധാനത്തിന് നാണക്കേടും വിലക്ഷണ സാക്ഷ്യവുമാണ് ' നടി സ്വര ഭാസ്‌കര്‍ എക്‌സില്‍ കുറിച്ചു. നിരവധി പേര്‍ സമാന സന്ദേശങ്ങളും ചിത്രങ്ങളും പങ്കുവച്ചു. 'ഈ നാലു വര്‍ഷം നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മേല്‍ പതിഞ്ഞ കളങ്കമാണ് ' എന്നാണ് യോഗേന്ദ്ര യാദവ് എക്‌സില്‍ കുറിച്ച സന്ദേശം.

Tags:    

Similar News