ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഏഴുദിവസത്തെ ഇടക്കാല ജാമ്യമാണ്. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം നല്‍കിയത്. ഇടക്കാല ജാമ്യം വ്യവസ്ഥകള്‍ക്ക് വിധേയമാണെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. ഈ മാസം 23 മുതലാണ് ജാമ്യം. 30ന് ജാമ്യകാലയളവ് അവസാനിക്കും. തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാവണം.
ഉമര്‍ ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് ഹാജരായി. ഡല്‍ഹി പോലിസിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദും ഹാജരായി. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയാല്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നുമാണ് ഡല്‍ഹി പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ ഉന്നയിച്ച വാദം.
തുടര്‍ന്നാണ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. 2020ലെ ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെതിരേ യുഎപിഎ ചുമത്തി കേസെടുത്തത്. ഒന്നിലധികം തവണ ചോദ്യം ചെയ്ത് 2020 സപ്തംബര്‍ 13ന് ഉമര്‍ ഖാലിദിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
കലാപ ഗൂഢാലോചന കേസില്‍ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍, ഉമര്‍ ഖാലിദിനെതിരേ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. കലാപവുമായി ബന്ധപ്പെട്ട ചാന്ദ്ബാഗിലെ കല്ലേറ് കേസില്‍ കര്‍ക്കഡൂമ കോടതി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. എന്നാല്‍, മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായിരുന്നില്ല. കലാപഗൂഢാലോചന കേസില്‍ രണ്ടേകാല്‍ വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്.