പോപുലര്‍ ഫ്രണ്ട് നിരോധനം: ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തയാള്‍ക്ക് ഇടക്കാല ജാമ്യം

Update: 2022-11-05 09:43 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സെയ്ദ് ഷല്ലാവുദ്ദീന്‍ എന്നയാള്‍ക്കാണ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് 60 ദിവസത്തേക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കഴിഞ്ഞ മാസമാണ് സെയ്ദ് ഷല്ലാവുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. സെയ്ദ് ഷല്ലാവുദ്ദീന്റെ കുടുംബത്തിന്റെ സാഹചര്യവും ഭാര്യയുടെ പ്രസവം നവംബര്‍ 16 അല്ലെങ്കില്‍ 17ാം തിയ്യതി നടക്കാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളും പരിശോധിച്ചശേഷമാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഖനാഗ്‌വാള്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവായത്.

സെയ്ദ് ഷല്ലാവുദ്ദീന്റെ പിതാവ് ഏകദേശം 70 വയസ് പ്രായമുള്ളയാളും 40 ശതമാനം വൈകല്യമുള്ളയാളുമാണ്. ഷല്ലാവുദ്ദീന് ഒരു വയസ്സും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരി കുടുംബത്തിലുണ്ടെങ്കിലും അവര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളുള്ളതുമാണ്. കുടുംബം മുഴുവന്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഷല്ലാവുദ്ദീനെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ പ്രയാസകരമായ സമയത്ത് ഇദ്ദേഹത്തിന്റെ അഭാവം കുടുംബത്തിന്റെ പ്രതീക്ഷകളില്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതിന് ശേഷം ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിന് മുമ്പാകെ കീഴടങ്ങാന്‍ ഷല്ലാവുദ്ദീനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരായ മുജീബുര്‍റഹ്മാന്‍, മുഹമ്മദ് ആരിഫ് ഹുസൈന്‍, സത്യം ത്രിപാഠി എന്നിവരാണ് പ്രതികള്‍ക്കായി ഹാജരായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ ആദ്യവാരം ഡല്‍ഹി പോലിസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. സപ്തംബര്‍ 28ന് കേന്ദ്രസര്‍ക്കാര്‍ സംഘടനയെ നിരോധിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നേരത്തെ ഡല്‍ഹി പോലിസ് നഗരത്തിലെ ആറ് ജില്ലകളിലായി റെയ്ഡ് നടത്തുകയും 33 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News