കള്ളപ്പണക്കേസ്: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം മെയ് 30 നാണ് സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ജെയിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജൂണ്‍ ഒമ്പതിന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഇഡിക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് ബി രാജുവും സത്യേന്ദര്‍ ജെയിനിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഹരനും ഹാജരായി.
പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി ഇന്നത്തേക്ക് വയ്ക്കുകയായിരുന്നു. ജാമ്യം അനുവദിക്കാന്‍ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് ജെയിന്റെ അപേക്ഷ തള്ളിയത്. ജെയിന്റെ കുടുംബത്തിന്റെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഏപ്രിലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ അക്കിഞ്ചന്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്തോ മെറ്റല്‍ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികള്‍ എന്നിവയുടെ ആസ്തികളും ഉള്‍പ്പെടുന്നു.
മന്ത്രി ഡല്‍ഹിയില്‍ നിരവധി ഷെല്‍ കമ്പനികള്‍ ആരംഭിക്കുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. കൊല്‍ക്കത്തയിലെ മൂന്ന് ഹവാല ഇടപാടുകാരുടെ 54 ഷെല്‍ കമ്പനികള്‍ വഴി 16.39 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുണ്ട്. പ്രയാസ്, ഇന്തോ, അക്കിഞ്ചന്‍ എന്നീ കമ്പനികളില്‍ മന്ത്രിക്ക് ധാരാളം ഓഹരികളുണ്ടായിരുന്നു. 2015ല്‍ കെജ്‌രിവാള്‍ സര്‍ക്കാരില്‍ മന്ത്രിയായതിന് ശേഷം ജെയിനിന്റെ എല്ലാ ഓഹരികളും ഭാര്യയ്ക്ക് കൈമാറിയെന്നും ഇഡി പറയുന്നു.
അതിനിടെ, സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്നലെ വീണ്ടും ഇഡി റെയ്ഡ് നടത്തിയിരുന്നു. പത്ത് ബിസിനസ് സ്ഥാപനങ്ങള്‍, വസതികള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ആഴ്ചയും ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. എന്നാല്‍, ജെയ്‌നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഇഡിയുടെ അന്വേഷണത്തിന് ശേഷം ജെയിന്‍ പുറത്തുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജെയിനെ അറസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ കൈവശമുള്ള വകുപ്പുകളെല്ലാം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കാണ് കൈമാറിയത്.