അന്യായ തടവിന് അവസാനമാകുന്നില്ല: സിദ്ദീഖ് കാപ്പന്റെ കേസ് വീണ്ടും നീട്ടിവച്ചു

യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ദീഖ് കാപ്പന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.

Update: 2020-12-14 10:36 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലീസ് അന്യായമായി അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ഇനിയും വഴി തുറന്നില്ല. സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വീണ്ടും നീട്ടിവച്ചു. ജനുവരി 23നാണ് ഇനി കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കുന്നതിനു വേണ്ടിയാണ് കേസ് വീണ്ടും നീട്ടിവച്ചത്.


യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ദീഖ് കാപ്പന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്തബന്ധമുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. അടുത്തിടെ അറസ്റ്റിലായ ബഹുഭാഷ പണ്ഡിതന്‍ മുഹമ്മദ് ഡാനിഷ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സിദ്ദീഖ് ഹാഥ്‌റസിലേക്ക് പോയതെന്നും യു.പി. സര്‍ക്കാര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രൊഫ. പി. കോയ, അബ്ദുല്‍ മുഖീത്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഫൈസല്‍, ഹസന്‍ എന്നിവരുമായി സിദ്ദീഖിന് അടുത്ത ബന്ധമുണ്ടെന്നുള്ള കുറ്റാരോപണവും സത്യവാങ്മൂലത്തിലുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മുന്‍കൂട്ടി നിശ്ചയിച്ച് കാപ്പനും സംഘവും ഹാഥ്‌റസിലേക്ക് പോയത് എന്ന മുന്‍ ആരോപണവും യുപിയിലെ ബിജെപി ഭരണകൂടം സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇഡി അറസ്റ്റു ചെയ്ത ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫ് ആണ് ഹാഥ്‌റസിലേക്കു പോകാന്‍ സഹായം ചെയ്തതെന്നും യുപി സര്‍ക്കാര്‍ പറയുന്നു.


സിദ്ദീഖ് കാപ്പനു വേണ്ടി ഹരജി നല്‍കിയ കേരള പത്രപ്രവര്‍ത്തക യൂനിയനെയും യുപി പോലീസ് കുറ്റപ്പെടുത്തുന്നുണ്ട്. വിശ്വസിക്കാന്‍ പറ്റാത്ത സംഘടനയാണ് കെയുഡബ്ല്യുജെ എന്നാണ് ആരോപണം. സംഘടനക്കെതിരില്‍ കേരളത്തില്‍ ഭൂമി കൈയേറ്റം ഉള്‍പ്പടെയുള്ള കേസുകളുണ്ടെന്നും യുപി സര്‍ക്കാര്‍ പറയുന്നു.




Tags:    

Similar News