കൊറോണ വൈറസ് എത്തിച്ചത് അമേരിക്കന്‍ സൈന്യമാവാം; ഗുരുതര ആരോപണവുമായി ചൈന

വൈറസിന്റെ പ്രഭവ കേന്ദ്രം വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നിലപാടില്‍ ചൈന മാറ്റം വരുത്തി.

Update: 2020-03-13 05:24 GMT

ബെയ്ജിങ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മഹാമാരിയായ കോവിഡ്-19നു കാരണമായ വൈറസിനെ ചൈനയിലെ വുഹാനില്‍ എത്തിച്ചത് അമേരിക്കന്‍ സൈന്യമാവാമെന്ന ഗുരുതര ആരോപണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ച്വാ ലിജിയന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരോപണമുന്നയിച്ചത്. എന്നാല്‍, ആരോപണത്തിന് ബലമേകുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. കൊവിഡ്-19 പടരുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കാന്‍ സാധ്യതയുള്ളതാണ് ഉന്നത ഉദ്യോഗസ്ഥന്റെ പ്രസ്താവനയെന്നാണു വിലയിരുത്തപ്പെടുന്നത്. നേരത്തേ, കൊറോണയെ 'വുഹാന്‍ വൈറസ്' എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ചൈനയിലെ ഉന്നത ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ പരാമര്‍ശത്തെ നിന്ദ്യമായ പെരുമാറ്റമെന്നും കമ്മ്യൂണിസ്റ്റ് രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്നുമാണ് അദ്ദേഹം തിരിച്ചടിച്ചത്.

   



 

ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും അമേരിക്കയാണ് പിന്നിലെന്നാണു കുറ്റപ്പെടുത്തുന്നത്. 'മാരകമായ വൈറസ് യുഎസില്‍ വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും, യുഎസ് സര്‍ക്കാരിന്റെ പ്രതികരണത്തില്‍ വീഴ്ച സമ്മതിക്കുന്ന നിരവധി സൂചനകളുണ്ട്. പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍, കൊറോണയെ സാധാരണ പകര്‍ച്ചവ്യാധിയില്‍നിന്ന് വേര്‍തിരിക്കുന്നതിലെ പരാജയം, വംശീയ വാചാടോപത്തിലൂടെ മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്തല്‍ എന്നിവയെല്ലാം സംശയകരമാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. അമേരിക്കയില്‍ എത്രപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും അവരെ പാര്‍പ്പിച്ച ആശുപത്രികളുടെ പേരുകള്‍ എന്നിവയെ കുറിച്ച് യുഎസ് വിശദീകരണം നല്‍കാതെ മടിക്കുന്നതെന്തിനാണ്.

    വൈറസിന്റെ പ്രഭവ കേന്ദ്രം വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നിലപാടില്‍ ചൈന മാറ്റം വരുത്തി. 'വൈറസ് എവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്ന് ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. അതിന്റെ ഉല്‍ഭവം എവിടെയായാലും ചൈനയും മറ്റ് എല്ലാ ബാധിത രാജ്യങ്ങളും അതിന്റെ വ്യാപനത്തെ തുടര്‍ന്നു വെല്ലുവിളിയെ നേരിടുകയാണ്'-ഷാവോ പറഞ്ഞു. കൊറോണ വൈറസ് ചൈനയില്‍ തുടങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ടെലിവിഷന്‍ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈറസ് ബാധ തുടങ്ങിയതു മുതല്‍ ചൈന സുതാര്യവും ഉത്തരവാദിത്തത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ ആദ്യമായി ഉല്‍സവിച്ച കൊറോണ വൈറസ് 118 രാജ്യങ്ങളിലായി 4,600ലേറെ പേരുടെ മരണത്തിനു കാരണമാക്കിയിട്ടുണ്ട്. ആകെ 124,330പേരെയാണ് ഇത് ബാധിച്ചത്. ചൈനയില്‍ 3,100 പേരുടെ മരണത്തിനിടയാക്കിയ കൊറോണ 80,000ത്തിലേറെ പേര്‍ക്ക് രോഗബാധയേല്‍ക്കാനും കാരണമായിട്ടുണ്ട്.




Tags:    

Similar News