ഇന്ത്യ ചന്ദ്രനരികെ, ഓര്‍ബിറ്ററില്‍നിന്ന് വേര്‍പ്പെട്ട് ലാന്‍ഡര്‍, വിജയകരമെന്ന് ഐഎസ്ആര്‍ഒ
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍2 ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. സെക്കന്‍ഡുകള്‍ക്കം വേര്‍പെടല്‍ സംഭവിച്ചു. ലാന്‍ഡര്‍ ഇനിയുള്ള ദിവസങ്ങളില്‍ ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചുകൊണ്ടു വരും.
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍2 നിര്‍ണായകഘട്ടം പിന്നിട്ടു.ലാന്‍ഡിനിങ്ങിന് മുന്നോടിയായുളള നിര്‍ണായക ഘട്ടമാണ് വിജയകരമായി പിന്നിട്ടത്. നിശ്ചയിച്ച സമയത്ത് തന്നെ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. നിലവില്‍ കുറഞ്ഞ ദൂരം 119 കിലോമീറ്ററും കൂടിയ ദൂരം 127 കിലോമീറ്ററും വരുന്ന, ഏകദേശം വൃത്താകൃതിയിലുളള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍2 ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. സെക്കന്‍ഡുകള്‍ക്കം വേര്‍പെടല്‍ സംഭവിച്ചു. ലാന്‍ഡര്‍ ഇനിയുള്ള ദിവസങ്ങളില്‍ ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചുകൊണ്ടു വരും. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെയാണ് ചന്ദ്രനില്‍ ഇറങ്ങാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. പേടകത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
പേടകത്തിന്റെ അഞ്ചാം ഭ്രമണപഥം താഴ്ത്തല്‍ ഞായറാഴ്ച വൈകീട്ട് 6.21ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 52 സെക്കന്‍ഡ് നേരം പ്രൊപ്പല്‍ഷന്‍ സംവിധാനം ജ്വലിപ്പിച്ചാണ് ഓര്‍ബിറ്റര്‍ ചന്ദ്രനിലേക്കു കൂടുതല്‍ അടുപ്പിച്ചത്. ഓര്‍ബിറ്ററില്‍ നിന്നുള്ള വേര്‍പെടലിനു ശേഷം ഇനി ഐഎസ്ആര്‍ഒയുടെ പൂര്‍ണശ്രദ്ധ ലാന്‍ഡറിലായിരിക്കും.
#ISRO
— ISRO (@isro) September 2, 2019
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.
For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.
ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് 'റോവര്‍'(ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍2' പേടകത്തെ നിയന്ത്രിക്കുന്നത്. ഇന്നു മുതല്‍ അതിനുവേണ്ടി ഒരു പ്രത്യേകസംഘം തന്നെയുണ്ടാകും.
ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു തവണ ലാന്‍ഡറിന്റെ ഭ്രമണപഥം ചുരുക്കി ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിക്കും. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിലായിരിക്കും ലാന്‍ഡറിനെ 109 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്കു മാറ്റുക. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഭ്രമണപഥം പിന്നെയും ചുരുക്കി ചന്ദ്രന്റെ 36 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്കു മാറ്റും. ഏഴിനു പുലര്‍ച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ചന്ദ്രനിലെ ലാന്‍ഡിങ്. അതിനു മുന്‍പ് മുന്‍പ് വിക്രം ലാന്‍ഡര്‍ സ്വയം എന്‍ജിന്‍ ഡീബൂസ്റ്റ് ചെയ്തു വേഗം കുറയ്ക്കണം.
ഏഴിനു പുലര്‍ച്ചെ 1.40നാണ് ഇതു ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് ഗതി നിയന്ത്രിച്ച് ദക്ഷിണധ്രുവം സൂക്ഷ്മമായി സ്‌കാന്‍ ചെയ്യണം. ലാന്‍ഡിങ്ങിനുള്ള കുന്നും കുഴിയും ഇല്ലാത്ത സുരക്ഷിത സ്ഥലം സ്വയം കണ്ടുപിടിച്ചതിനു ശേഷം ലാന്‍ഡിങ്. ലാന്‍ഡറിന്റെ നാലു കാലിലാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങേണ്ടത്. 50 വര്‍ഷം മുന്‍പ് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോള്‍ അവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അതുകൊണ്ടുതന്നെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് അതിനിര്‍ണായകമാണ്.
ചന്ദ്രോപരിതലത്തില്‍ മാന്‍സിനസ് സി, സിംപെലിയസ് എന്‍ എന്നീ ക്രേറ്ററുകള്‍ക്കിടയില്‍ ഇറങ്ങുന്നതോടെ ദക്ഷിണധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. അക്ഷാംശം 70.9 ഡിഗ്രി തെക്കും 22.7 ഡിഗ്രി കിഴക്കുമായാണ് ലാന്‍ഡിങ്. ഇവിടെ ഇറക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കില്‍ അക്ഷാംശം 67.7 ഡിഗ്രി തെക്കും 18.4 ഡിഗ്രി പടിഞ്ഞാറും ലാന്‍ഡിങ്ങിനുള്ള പദ്ധതിയും ഐഎസ്ആര്‍ഒയ്ക്കുണ്ട്. പദ്ധതി വിജയകരമാകുന്നതോടെ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ.
ഓഗസ്റ്റ് 14ന് ഭൂമിയുടെ ഭ്രമണപഥം വിട്ട ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചത്. ഐഎസ്ആര്‍ഒയുടെ ബെംഗളൂരുവിലെ മിഷന്‍സ് ഓപറേഷന്‍സ് കോംപ്ലക്‌സില്‍ നിന്ന് മുഴുവന്‍ സമയവും പേടകത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്. ബെംഗളൂരുവിന്റെ സമീപഗ്രാമമായ ബൈലാലുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ പിന്തുണയുമുണ്ട്. ലാന്‍ഡിങ്ങിനു ശേഷം പുലര്‍ച്ചെ 5.30നും 6.30നും ഇടയ്ക്ക് പ്രഗ്യാന്‍ റോവര്‍ ലാന്‍ഡറില്‍ നിന്ന് റാംപ് വഴി പുറത്തിറങ്ങും. 15 മിനിറ്റിനു ശേഷം റോവറില്‍ നിന്നുള്ള ആദ്യ സിഗ്‌നല്‍ ഭൂമിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഒരു ചാന്ദ്രദിനത്തിനു തുല്യമായ ഭൂമിയിലെ 1415 ദിവസമായിരിക്കും റോവര്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഓര്‍ബിറ്റര്‍ പിന്നെയും 100 കി.മീ ഉയരത്തില്‍ നിന്ന് ഒരു വര്‍ഷത്തിലേറെ ചന്ദ്രനെ ചുറ്റിക്കൊണ്ടേയിരിക്കും. ചന്ദ്രന്റെ ഉപരിതലം മാപ് ചെയ്യാനും ചന്ദ്രന്റെ പുറത്തുള്ള അന്തരീക്ഷത്തെപ്പറ്റി പഠിക്കാനുമായി ഓര്‍ബിറ്ററില്‍ എട്ട് പരീക്ഷണ ഉപകരണങ്ങളാണുള്ളത്. 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ റിമോട്ട് സെന്‍സിങ് വഴിയാണ് ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുക. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കല്‍, ധാതുപഠനം, സൂര്യനില്‍ നിന്നുള്ള എക്‌സ്‌റേ വികിരണങ്ങളെപ്പറ്റിയുള്ള പഠനം, ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ചുള്ള പഠനം, ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കല്‍ തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങള്‍. ചന്ദ്രന്റെ ഉപരിതലഘടനയെപ്പറ്റി പഠിക്കാന്‍ ലാന്‍ഡറില്‍ മൂന്നും റോവറിന്് രണ്ടും ഉപപകരണങ്ങളാണുള്ളത്.