ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു
ബെംഗളൂരു: ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ ഹൈ റെസല്യൂഷന്‍ കാമറ(OHRC) പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.
ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ചിത്രമെടുത്തിട്ടുള്ളത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഒഎച്ച്ആര്‍സി പകര്‍ത്തിയത്. ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡര്‍ തകര്‍ന്നു വീണ് ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം നീളുന്ന ചാന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതിന് അകലെ നിന്ന് ചന്ദ്രോപരിതലം പഠിക്കാനും ചിത്രങ്ങള്‍ അയക്കാനും സാധിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.